മാവേലിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി
സി.എ. അരുൺകുമാർ പ്രചാരണത്തിന് തുടക്കമിട്ട്
ചെങ്ങന്നൂരിൽ നടത്തിയ റോഡ് ഷോ
ആലപ്പുഴ: പോരാട്ടചിത്രം തെളിഞ്ഞതോടെ മാവേലിക്കര മണ്ഡലത്തിലെ പ്രചാരണത്തിന് ചൂടേറി. ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ചെങ്ങന്നൂരിൽ റോഡ് ഷോ നടത്തിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാർ പ്രചാരണത്തിന് തുടക്കമിട്ടത്.
‘ഹാട്രിക്’ തികച്ച് പത്താം അങ്കത്തിനിറങ്ങുന്ന കോൺഗ്രസിലെ മുതിർന്ന നേതാവും സിറ്റിങ് എം.പിയുമായ കൊടിക്കുന്നിൽ സുരേഷ് ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും കളത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കൊടിക്കുന്നിലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നേരത്തേ തുടങ്ങിയിരുന്നു.
വിവിധയിടങ്ങളിൽ ചുവരുകൾ എഴുതിത്തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ നിറച്ചാണ് കൊടിക്കുന്നിലിന്റെ ഇപ്പോഴത്തെ പ്രചാരണം. കൊടിക്കുന്നിലിന്റെ ജനകീയത തന്നെയാണ് യു.ഡി.എഫിന്റെ കരുത്ത്.
മൂന്ന് ജില്ലയിലെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞ് സീറ്റ് പിടിച്ചെടുക്കാനാണ് എൽ.ഡി.എഫ് യുവനേതാവിനെ കളത്തിലിറക്കിയത്. സി.പി.ഐ സ്ഥാനാർഥി അരുൺകുമാറിന്റെ പോസ്റ്ററുകളും സമൂഹമാധ്യമത്തിൽ നിറഞ്ഞിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ നിയമസഭ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നിയമസഭ മണ്ഡലവും ചേർന്നതാണ് മാവേലിക്കര ലോക്സഭ മണ്ഡലം. ഏഴ് നിയമസഭ മണ്ഡലത്തിലും എൽ.ഡി.എഫ് ജനപ്രതിനിധികളാണുള്ളത്. ഇതിനൊപ്പം ചിട്ടയായ പ്രവർത്തനംകൂടി കാഴ്ചവെച്ചാൽ ‘അട്ടിമറി’ വിജയം നേടാമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.
കോൺഗ്രസിനായി സിറ്റിങ് എം.പി കൊടിക്കുന്നിൽ സുരേഷ് തന്നെയാകും വീണ്ടും മത്സരിക്കുക. 2019ൽ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടിന് തോൽപിച്ചാണ് കൊടിക്കുന്നിൽ ഹാട്രിക് വിജയം നേടിയത്.
2009 മുതൽ മാവേലിക്കര എം.പിയാണ് കൊടിക്കുന്നിൽ. 1989ൽ അടൂരിൽനിന്നാണ് ആദ്യം ലോക്സഭയിലെത്തിയത്. അടൂർ ലോക്സഭ മണ്ഡലം പിന്നീട് ഇല്ലാതായി. 41കാരനായ കൃഷ്ണപുരം സ്വദേശിയായ അരുൺകുമാർ മന്ത്രി പി. പ്രസാദിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. എൽഎൽ.ബി ബിരുദധാരി. എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്ത്.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവുമാണ്. കായംകുളം എം.എസ്.എം കോളജിൽനിന്ന് കേരള സർവകലാശാല യൂനിയൻ കൗൺസിലറായിരുന്നു. കെ.പി.എ.സിയുടെ അശ്വമേധം ഉള്‍പ്പെടെ ചില നാടകങ്ങളില്‍ ബാലതാരമായും വേഷമിട്ടു. ഏതാനും സിനിമകളിലും അഭിനയിച്ചു.
മാവേലിക്കര സീറ്റ് ബി.ഡി.ജെ.എസിനാണ്. സീറ്റ് സംബന്ധിച്ച ചർച്ച നടക്കുന്നതേയുള്ളൂ. ഇതിനിടെ, ബി.ജെ.പി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് സ്ഥാനാർഥി തഴവ സഹദേവൻ 1.33 ലക്ഷം വോട്ട് സ്വന്തമാക്കിയിരുന്നു. ബി.ഡി.ജെ.എസ് മത്സരിച്ചാൽ ബൈജു കലാശാലയുടെ പേരും പരിഗണിക്കുന്നുണ്ട്. ബി.ജെ.പി ഏറ്റെടുത്താൽ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മത്സരിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.