പ്രതിസന്ധിയുടെ കുരുക്കിൽ കയർമേഖല

ആലപ്പുഴ: കയർ ഉൽപന്ന നിർമാണ മേഖലയിൽ പ്രതിസന്ധി രൂക്ഷം. കയർ കോർപറേഷൻ ഉപരോധസമരവുമായി തൊഴിലാളികൾ. ഉൽപാദനത്തിന് ആവശ്യമായ കയറും ചകിരിയും കിട്ടാത്തതാണ് പ്രധാന പ്രശ്നം. ഇതിനൊപ്പം കയർ ഉൽപന്ന സംഘങ്ങൾക്ക് കയർ കോർപറേഷനിൽനിന്ന് 35കോടിയും മാർക്കറ്റ് ഡെവലപ്മെന്‍റ് അസിസ്റ്റൻസ് (എം.ഡി.എ) ഇനത്തിൽ 25 കോടിയും കുടിശ്ശികയുണ്ട്. ഇതോടെ തടുക്ക് ഉൽപന്നനിർമാണ മേഖല പൂർണമായും സ്തംഭിച്ചനിലയിലാണ്.

കയർ കോർപറേഷൻ വഴി പി.പി.എസ് സ്കീം പ്രകാരം ഉൽപന്നങ്ങൾക്ക് ഓർഡർ കിട്ടുന്നില്ല. ചെറുകിട ഉൽപാദക സഹകരണ സംഘങ്ങളിൽ തൊഴിൽ കൊടുക്കുന്നതിനായി ഓർഡർ പ്രകാരം ചെയ്തുവെച്ച ഉൽപന്നങ്ങളും വിറ്റഴിക്കാതെ കിടക്കുകയാണ്. ജിയോ ടെക്സ്റ്റയിൽസിന്‍റെ (വലപ്പായ) ഓർഡർ കിട്ടുന്നുണ്ടെങ്കിലും വൻതുകയാണ് കുടിശ്ശികയായുള്ളത്.

ഈ ഇനത്തിൽ മാത്രം 50 ലക്ഷം മുതൽ അഞ്ച് കോടി വരെ കിട്ടാനുണ്ട്. കയർ വ്യവസായരംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടും കടലാസ്സിൽ ഒതുങ്ങി. ആലപ്പുഴയിൽ നടന്ന കയർ കോൺക്ലേവിൽ പ്രഖ്യാപിച്ച കാര്യങ്ങൾ ഒന്നുപോലും നടപ്പാക്കിയില്ല. കേന്ദ്ര-സംസ്ഥാന ബജറ്റിലും തികഞ്ഞ അവഗണനയായിരുന്നു. ഈ സാഹചര്യത്തിലാണ് കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ മാനുഫാക്ചറേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന് കയർകോർപറേഷൻ ഉപരാധസമരം നടത്തുന്നത്. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ആക്ടിങ് പ്രസിഡന്റ് എൻ.വി. തമ്പി അധ്യക്ഷത വഹിക്കും.

കയർ കോർപറേഷൻ സംഘങ്ങൾക്ക് നൽകാനുള്ള ഉൽപന്ന വിലകുടിശ്ശിക നൽകുക, 100 ഫുൾ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ അനുവദിക്കുക, കയർ കോർപറേഷനും കയർഫെഡിനും റിവോൾവിങ് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്തസമ്മേളനത്തിൽ കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ ആക്ടിങ് പ്രസിഡന്റ് എൻ.വി. തമ്പി, ജനറൽ സെക്രട്ടറി ഡി. സനൽകുമാർ, സെക്രട്ടറി കെ.വി. സതീശൻ, പി.കെ. പ്രകാശൻ, കെ.സി. അലോഷ്യസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Coir sector in the grip of crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.