കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് കരിമണൽ നീക്കുന്നതിന്റെ മുന്നോടിയായി പാരിസ്ഥിതിക ആഘാതം പഠിക്കാൻ രണ്ട് മാസത്തിനകം വിദഗ്ധ സമിതി രൂപവൽക്കരിക്കണമെന്ന് ഹൈകോടതി. പാരിസ്ഥിതിക ആഘാതം കൂടി പഠിച്ചിട്ട് വേണം മണൽ നീക്കമെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സമിതിയിൽ കലക്ടർ, ജലസേചനം, വനം വകുപ്പ് പ്രതിനിധികൾ, തീരമേഖല മാനേജ്മെന്റ് അതോറിറ്റി, പുറക്കാട്, തകഴി ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, പ്രദേശത്തെ ഒരു എൻ.ജി.ഒ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. മണൽ ഖനന തീരുമാനം സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും കോടതി പറഞ്ഞു.
മഴക്കാലത്ത് കുട്ടനാട് പ്രദേശം വെള്ളത്തിൽ മുങ്ങുന്നത് ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ നിരന്തരം കരിമണൽ ഖനനം നടക്കുകയാണെന്നും ഇത് പരിസ്ഥിതിക്കടക്കം ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം എന്ന സംഘടനയുൾപ്പെടെ നൽകിയ ഹരജിയിലാണ് ഉത്തരവ്. നിയന്ത്രണമില്ലാത്ത ഖനനം മൂലം 15 ഏക്കറോളം സ്ഥലത്ത് പരിസ്ഥിതി ലോല മേഖലക്ക് നാശമുണ്ടായെന്ന് മാത്രമല്ല, വംശനാശം നേരിടുന്ന ഒലീവ് റെഡ്ലി ഇനത്തിലുള്ള ആമകളുടെ നിലനിൽപ്പിനടക്കം മണൽ ഖനനം ഭീഷണിയാണെന്നും ഹരജിയിൽ പറയുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടുകൾ കൂടി പരിശോധിച്ചാണ് വിദഗ്ധ സമിതിക്ക് രൂപം നൽകാൻ കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.