വേനൽ മഴയിൽ നാലുതോട് പാടശേഖരത്തിൽ എൺപത് ഏക്കറിലെ കൃഷി നശിച്ചു

ചെങ്ങന്നൂർ: അപ്പർ കുട്ടനാടൻ കാർഷിക മേഖലയിലെ മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിൽ നാലുതോട് പാടശേഖരത്തിൽ കർഷകരെ ദുരിതത്തിലാക്കി വേനൽ മഴയിൽ എൺപത് ഏക്കറിലെ കൃഷിയാണ് നശിച്ചത്.

90 ദിവസം പിന്നിട്ട നെൽ ചെടികളാണ് വേനൽമഴയിലും ശക്തമായ കാറ്റിലും നശിച്ചത്. ഏപ്രിൽ എട്ടിന് കൊയ്ത്ത് ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കെട്ടിനിൽക്കുന്ന വെള്ളം പമ്പിങ് നടത്തി ബാക്കിയുള്ള കൃഷിയെങ്കിലും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കൃഷിക്കാർ. മുൻ വർഷങ്ങളിൽ വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിനാശത്തെ തുടർന്ന് കർഷകർ കടക്കണിയിലായിരുന്നു.

ഇത്തവണ ഏറെ പ്രതീക്ഷകളോടെയാണ് ബാങ്ക് വായ്പയും പലിശയ്ക്കും കൈ വായ്പയായും വാങ്ങിയാണു മിക്കവരും കൃഷിയിറക്കിയത്. കടം വാങ്ങിയ തുക തിരിച്ചടയ്ക്കുവാനും - പാട്ടത്തിന് കൃഷി നടത്തുന്നവർ പാട്ട തുക കൊടുക്കാനും കഴിയാത്ത അവസ്ഥയിലാണ്. മാന്നാർ അസി.കൃഷി ഓഫീസർ സുധീർ, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ എന്നിവർ പാടശേഖരത്തിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കൃഷിനാശം സംഭവിച്ച നാലുതോട് പാടശേഖരത്തിലെ തൊണ്ണൂറോളം വരുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നാലുതോട് പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Eighty acres of crops in the Naluthod paddy fields were destroyed in the summer rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.