പാലമേൽ പഞ്ചായത്തിലെ കരിങ്ങാലി പുഞ്ച
ചാരുംമൂട്: പാലമേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ, പഞ്ചായത്തിലെ കുടശ്ശനാട് മുക്കത്ത് കരിങ്ങാലി പുഞ്ചയുടെ തീരത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു. 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ ഈ രണ്ടു ജില്ലകളിൽ നിന്നുള്ളർക്കും പ്രയോജനം ലഭിക്കും.
പദ്ധതിക്കായി കരിങ്ങാലി പുഞ്ചയോടുചേർന്ന് കുടശ്ശനാട് ഭാഗത്ത് റവന്യൂ വകുപ്പിന്റെ തരിശുകിടക്കുന്ന മൂന്നരയേക്കർ സ്ഥലം പാട്ടത്തിനെടുക്കും. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 1.15 കോടി രൂപയുടെ പ്രവർത്തനങ്ങൾ തുടങ്ങും.ഫിഷറീസ് വകുപ്പിൽനിന്ന് 65 ലക്ഷം രൂപ അനുവദിക്കും. പദ്ധതി പ്രദേശത്ത് ഹാപ്പിനസ് പാർക്കിനുള്ള സ്ഥലത്ത് മണ്ണിട്ട് ഒന്നര മീറ്റർ ഉയർത്താനായി 50 ലക്ഷം രൂപ പഞ്ചായത്തും നീക്കിവെച്ചു. ആദ്യം ഇവിടേക്കുള്ള റോഡ് വീതികൂട്ടി നവീകരിക്കും.
ഓപ്പൺ സ്റ്റേഷനും നിർമിക്കും. രണ്ടാം ഘട്ടത്തിൽ വോളിബാൾ കോർട്ട്, നടവഴി, പക്ഷിനിരീക്ഷണ കേന്ദ്രം, ഓപ്പൺ ജിം എന്നിവയും പുഞ്ചയിൽ ബോട്ടിങ്ങും വരും. മൂന്നാം ഘട്ടത്തിൽ കേബിൾ കാർ വിഭാവനം ചെയ്യുന്നു. എം.എസ്. അരുൺ കുമാർ എം.എൽ.എ, കലക്ടർ അലക്സ് വർഗീസ്, പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, പാലമേൽ പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ ജേക്കബ്, വേണു കാവേരി തുടങ്ങിയവർ പദ്ധതി സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.