പാനൂരിൽ വയറിളക്കവും ഛർദിയും പടരുന്നു; നൂറിലധികം കുട്ടികൾ ചികിത്സയിൽ

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂർ മേഖലയിൽ കുട്ടികളിലും മുതിർന്നവരിലും വയറിളക്കവും ഛർദിയും പടരുന്നു. ഒരാഴ്ചയിൽ ഏറെയായി തുടരുന്ന രോഗവ്യാപനത്തിൽ നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പാനൂർ പുത്തൻപുര ജങ്ഷൻ മുതൽ ടാങ്ക് ജങ്ഷൻ വരെയുള്ള 12, 13, 14, 15 വാർഡുകളിലാണ് രോഗം രൂക്ഷം. തുടക്കത്തിൽ കുട്ടികളിലാണ് രോഗം കണ്ടതെങ്കിലും ഇപ്പോൾ മുതിർന്നവരിലേക്കും പടരുകയാണ്. പാനൂർ ഫിഷറീസ് ആശുപത്രി, തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം, ഹരിപ്പാട് താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിരവധി പേർ ചികിത്സയിലുണ്ട്. ഇതിനകം നൂറുകണക്കിന് കുട്ടികൾക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലെത്തിയതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. ദിവസങ്ങളായി ആശുപത്രിയിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഷിഗല്ല സാന്നിധ്യം സംശയിക്കുന്നു

ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയ കുട്ടികളുടെ മലപരിശോധനയിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് സൂചന. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പകരുന്നത്. മേഖലയിൽ കുടിവെള്ള പൈപ്പുകൾ പലയിടത്തും പൊട്ടിക്കിടക്കുന്നത് മലിനജലം ഉള്ളിലെത്താൻ കാരണമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. തോടുകളിലൂടെ കടന്നുപോകുന്ന പൈപ്പുകളിലെ പൊട്ടൽ യഥാസമയം പരിഹരിക്കാൻ ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ തൃക്കുന്നപ്പുഴയിൽ ഷവർമ കഴിച്ച രണ്ട് സ്ത്രീകൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിൽ ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്ന് പരാതിയുണ്ട്.

പ്രതിരോധ നടപടി ഊർജിതം

രോഗവ്യാപനം തടയാൻ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാനൂർക്കര ഗവ. യു.പി. സ്കൂളിൽ ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗം ചേർന്ന് കർമപദ്ധതികൾക്ക് രൂപം നൽകി. ഭക്ഷണശാലകളിൽ പരിശോധന നടത്തി ജ്യൂസ് അടക്കമുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. വഴിയോരങ്ങളിലെ അനധികൃത ഭക്ഷണ വിൽപന നിരീക്ഷിച്ച് നടപടി കൈക്കൊള്ളും. പൈപ്പ് ലൈനുകളിലെ ചോർച്ച പരിഹരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. കുടിവെള്ളം ക്ലോറിനേഷൻ നടത്തും. പരിശോധന ഫലം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കും. രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, വൈസ് പ്രസിഡന്റ് എ. ഷാജഹാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാജില, മെഡിക്കൽ ഓഫിസർ ഡോ. ജോയ് എന്നിവർ അറിയിച്ചു.

Tags:    
News Summary - Diarrhoea and Vomiting; Over 100 Children Under Treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.