പെരുമ്പളം ദ്വീപിലേക്ക് പാണാവള്ളിയിൽനിന്നുള്ള ബോട്ട് സർവിസ്
അരൂർ: അര നൂറ്റാണ്ടിലേറെയായി ജീവിതത്തിന്റെ ഭാഗമായ ബോട്ട് യാത്രകളെ ദ്വീപ് നിവാസികൾക്ക് ഉപേക്ഷിക്കാനാകില്ല. പെരുമ്പളം ദ്വീപ് നിവാസികൾ അഞ്ചു പതിറ്റാണ്ടിലേറെയായി പുറംലോകവുമായി ബന്ധപ്പെടാൻ ആശ്രയിച്ചിരുന്നത് ബോട്ട് സർവിസുകളെയാണ്. വേമ്പനാട് കായലിന് കുറുകെയുള്ള ജലയാത്രക്ക് ദ്വീപിലെ ജനജീവിതത്തോളം പഴക്കമുണ്ട്. പാലം യാഥാർഥ്യമായെങ്കിലും ഇന്നലെവരെ തുണയായിനിന്ന ബോട്ടുകളെ പൂർണമായും ഉപേക്ഷിക്കാൻ ദ്വീപ് നിവാസികൾ ഒരുക്കമല്ല. പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാകാൻ കുറച്ചുസമയം കൂടി വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. അതുവരെ ബോട്ടുകളെതന്നെ ആശ്രയിക്കണം.
ദ്വീപ് നിവാസികളിൽ പലരും വാഹനങ്ങൾ സ്വന്തമാക്കാത്തത് ദ്വീപിലേക്ക് വാഹനങ്ങൾ എത്തിക്കാനു ള്ള മാർഗമില്ലാത്തതുകൊണ്ടായിരുന്നു. പാലം വന്നതോടെ ദ്വീപ് നിവാസികളിൽ നല്ലൊരു വിഭാഗം വാഹനങ്ങൾ സ്വന്തമാക്കും. ഇട റോഡുകൾ വലിയ വാഹനങ്ങൾക്ക് ഗതാഗതം നടത്താൻ സൗകര്യമുള്ളതല്ല.
റോഡുകൾക്ക് വീതി കൂട്ടുന്നതാകണം ഇനിയുള്ള വികസന പ്രവർത്തനങ്ങളിൽ പ്രധാനം. ബസ് സർവിസ് കാര്യക്ഷമമാകുന്നതോടെ മാത്രമേ ദ്വീപിലുള്ളവർക്ക് പൂർണമായും പാലം പ്രയോജനകരമാകുകയുള്ളൂ. ബോട്ട് സർവിസ് കേരളത്തിൽ ആരംഭിച്ചപ്പോൾ മുതൽ ദ്വീപ് നിവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നു. ആദ്യകാലങ്ങളിൽ വള്ളങ്ങളിലായിരുന്നു യാത്ര.
പിന്നീട് എറണാകുളത്തുനിന്നും ആരംഭിക്കുന്ന ദീർഘദൂര ബോട്ട് സർവിസുകൾ ദ്വീപ് നിവാസികൾക്കും പ്രയോജനകരമായിരുന്നു. ആദ്യകാലങ്ങളിൽ ബോട്ട് ജീവനക്കാരിൽ അധികവും പെരുമ്പളം, പാണാവള്ളി നിവാസികളായിരുന്നു.
അതുകൊണ്ടുതന്നെ നാട്ടുകാരുമായി യോജിപ്പിലായിരുന്നു യാത്രക്കാർ. ജീവനക്കാർ ദൂരസ്ഥലങ്ങളിൽ നിന്നും സ്ഥലം മാറി വരാൻ തുടങ്ങിയതോടെ ചെറിയ അലോസരങ്ങൾ തലപൊക്കി. പിന്നീട് സംഘർഷം മൂർച്ഛിക്കുന്ന അവസ്ഥ വരെയെത്തി. ഇപ്പോൾ കുറെ നാളുകളായി സമാധാന അന്തരീക്ഷത്തിലാണ് ബോട്ട് സർവിസ്. ദ്വീപിന് ചുറ്റും 13 ബോട്ട് ജെട്ടികളുണ്ട്. 20 മിനിറ്റ് ഇടവിട്ട് തുരുത്തിലേക്ക് ബോട്ട് സർവിസ് നടത്തുന്നുണ്ട്. ദിനേന ആറു ബോട്ടുകൾ സർവിസ് നടത്തുന്നുണ്ട്. പുതിയപാലംതുറന്നതോടെ ഈ ചരിത്രപരമായ ജലയാത്രക്ക് വിരാമം ആകുമെന്നുള്ള ആശങ്ക അസ്ഥാനത്താണെന്നാണ് ദ്വീപ് നിവാസികളും, ബോട്ട് ജീവനക്കാരും കരുതുന്നത്. ബോട്ടുകളുടെ സമയം ക്രമീകരിച്ചും വിനോദസഞ്ചാര സാധ്യതകളെ കൂടി ഉൾക്കൊള്ളിച്ചും ഉത്തരവാദിത്വ വിനോദസഞ്ചാരം ഉൾപ്പെടുത്തിയും ദ്വീപ് നിവാസികളെ കൂടി പരിഗണിച്ച് വാട്ടർ ട്രാൻസ്പോർട്ട് നവീകരണ പദ്ധതികളുമായി ബോട്ടുകളെ ദ്വീപിന്റെ കടവുകളിൽ കെട്ടിയിടാൻ കഴിയുമെന്നാണ് കരുതുന്നത്. 150 ഓളം ജീവനക്കാർ ബോട്ടുകളെ ആശ്രയിച്ച് പാണാവള്ളി ജലഗതാഗത ഓഫിസിലുണ്ട്.
പതിറ്റാണ്ടുകളായി ദ്വീപ് നിവാസികളുടെ ജീവിതവുമായി ഇഴുകി ചേർന്ന ഇവരെ അനാഥമാക്കാതെ സർവിസുകൾ ക്രമപ്പെടുത്തിയും വിനോദസഞ്ചാരസാധ്യതകൾ ഉപയോഗപ്പെടുത്തിയും കുടുംബശ്രീ സംരംഭങ്ങൾ പ്രയോജനപ്പെടുത്തിയും കായൽ യാത്രകൾ കാഴ്ചക്കും യാത്രാ സൗകര്യത്തിനും ഒപ്പംതന്നെ വാണിജ്യ പ്രയോജനങ്ങൾക്കും സൗകര്യപ്പെടുത്താൻ പെരുമ്പളം പഞ്ചായത്ത് പദ്ധതികൾ തയാറാക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ദ്വീപ് നിവാസികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.