കായംകുളം: ഇരുമുന്നണികളെയും മാറിമാറി തുണച്ചിട്ടുള്ള മണ്ഡലം രണ്ട് പതിറ്റാണ്ടായി ഇടത് രാഷ്ട്രീയത്തോട് ചേർന്നാണ് സഞ്ചരിക്കുന്നത്. കരുത്താൻമാരെ വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിനുണ്ട്. മന്ത്രിമാരായിരുന്ന എം.കെ. ഹേമചന്ദ്രനും തച്ചടി പ്രഭാകരനും ജി. സുധാകരനും പരാജയം അറിഞ്ഞ മണ്ഡലം. സംസ്ഥാനം നിലവിൽ വന്നതിന് ശേഷം 1957ൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ കെ.ഒ. ഐഷാബായിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇ.എം.എസ് മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കറായും ഇവർ ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. 1960ൽ കോൺഗ്രസിലെ എം.കെ. ഹേമചന്ദ്രനെയും ഐഷാബായി പരാജയപ്പെടുത്തി. 65ൽ സി.പി.എമ്മിലെ പി.കെ. സുകുമാരൻ കോൺഗ്രസിലെ തച്ചടി പ്രഭാകരനെ പരാജയപ്പെടുത്തി. എന്നാൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ നിയമസഭ പിരിച്ചുവിട്ടതിനാൽ സുകുമാരന് എം.എൽ.എയാകാൻ കഴിഞ്ഞില്ല. 67ൽ പി.എസ്.പിയിലെ പി.കെ. കുഞ്ഞിന് മുന്നിലും തച്ചടി പ്രഭാകരന് അടിപതറി. 70ലും 77ലും തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ളയിലൂടെയാണ് കോൺഗ്രസ് മണ്ഡലത്തിൽ വിജയം നേടുന്നത്. 80ൽ കോൺഗ്രസ്-യു ബാനറിൽ മത്സരിച്ച തച്ചടി പ്രഭാകരനിലൂടെ ഇടതുപക്ഷം വീണ്ടും മണ്ഡലം തിരികെ പിടിച്ചു. 82ൽ കോൺഗ്രസുകാരനായി മത്സരിച്ച തച്ചടി കോൺഗ്രസ്-എസിലെ എം.കെ. രാഘവനെ തോൽപ്പിച്ചു. 87ൽ സി.പി.എമ്മിലെ എം.ആർ. ഗോപാലകൃഷ്ണനിലൂടെ മണ്ഡലം വീണ്ടും ഇടത്തോട്ട് ചാഞ്ഞു. 91ൽ എം.ആർ. ഗോപാലകൃഷ്ണനെ നിസാരവോട്ടിന് പരാജയപ്പെടുത്തി തച്ചടിയിലൂടെ വീണ്ടും കോൺഗ്രസ് നേടി. 96ൽ സി.പി.എമ്മിലെ ജി. സുധാകരൻ തച്ചടിയെ പരാജയപ്പെടുത്തി.
2001ൽ സുധാകരനെ കോൺഗ്രസിലെ എം.എം. ഹസൻ തോൽപ്പിച്ചു. തുടർന്ന് 2006ലും 2011 ലും സി.പി.എമ്മിലെ സി.കെ. സദാശിവനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2016 മുതൽ സി.പി.എമ്മിലെ അഡ്വ. യു. പ്രതിഭയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016ൽ എം. ലിജുവിനെയും 2021ൽ അരിത ബാബുവിനെയുമാണ് പരാജയപ്പെടുത്തിയത്. ഇക്കുറിയും ഇടതുപക്ഷത്തിനായി പ്രതിഭ തന്നെ മത്സര കളത്തിലിറങ്ങുമെന്നാണ് സൂചന ലഭിക്കുന്നത്.
നഗരവും ആറ് പഞ്ചായത്തുകളും ചേർന്ന മണ്ഡലം
കായംകുളം നഗരസഭയും പത്തിയൂർ, ചെട്ടികുളങ്ങര, ഭരണിക്കാവ്, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളുമാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ നഗരസഭയും കൃഷ്ണപുരവും മാത്രമാണ് യു.ഡി.എഫ് ഭരണത്തിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടതുപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനിലയിൽ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടിന്റെ മുന്നേറ്റം നിലനിർത്താനായി. ലോക്സഭയിൽ എൻ.ഡി.എ നടത്തിയ മുന്നേറ്റത്തെ തടഞ്ഞാണ് എൽ.ഡി.എഫ് നേട്ടം കൊയ്തത്. ഏഴായിരത്തോളം വോട്ടിന്റെ മുൻതൂക്കമാണ് ഇടതിനുള്ളത്. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയതിന്റെ മൂന്നിരട്ടി വോട്ടാണ് എൻ.ഡി.എക്ക് ലഭിച്ചിരിക്കുന്നത്. നിയമസഭയിൽ ലഭിച്ച 11,000 വോട്ടിൽനിന്ന് 33,000 ആയിട്ടാണ് വോട്ട് ഉയർത്തിയത്. 77,000 വോട്ട് ലഭിച്ച എൽ.ഡി.എഫിന് 64,000 ഉം 71,000 വോട്ട് നേടിയ യു.ഡി.എഫിന് 57,000 വോട്ടുമാണ് തദ്ദേശത്തിൽ ലഭിച്ചിരിക്കുന്നത്.
വികസനത്തിന് കാതോർത്ത്
റോഡുകളുടെ വികസനമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടമായി എടുത്തുകാണിക്കാൻ കഴിയുന്നത്. ഇതിനായി കോടികളാണ് ചെലവഴിക്കപ്പെട്ടത്. സ്കൂളുകളുടെ അടിസ്ഥാന വികസനത്തിലും ഫണ്ട് ചെലവഴിക്കപ്പെട്ടു. നഗരത്തിലെ പാലങ്ങൾ പുതുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഗവ. ആശുപത്രിക്കായി ബഹുനില കെട്ടിടം ഉയരുന്നു. മൾട്ടിപ്ലക്സ് തിയേറ്റർ നിർമാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ലെന്നത് പോരായ്മയാണ്. പൊളിച്ചിട്ട കെ.എസ്.ആർ.ടി.സിയിൽ പുതിയ കെട്ടിടത്തിനുള്ള പ്രവർത്തനം നടന്നുവരുന്നു. കായലോര വിനോദ സഞ്ചാര കേന്ദ്രവും അതിർത്തിച്ചിറ പദ്ധതിയും പൂർത്തിയാക്കാനാകാത്തതും വീഴ്ചയായി വിലയിരുത്തുന്നു. കൃഷ്ണപുരം റെയിൽവേ മേൽപ്പാലത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും നിർമാണത്തിലേക്ക് കടക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.