തിരുവനന്തപുരം: സ്ഥാനാർഥി നിർണയം എങ്ങുമെത്താത്ത തിരുവനന്തപുരം, പത്തനംതട്ട ജില്ലകളിൽ വിശദമായ ചർച്ച നടത്തി തീരുമാനത്തിലെത്താനുള്ള ശ്രമത്തിൽ കോൺഗ്രസ് നേതൃത്വം. നേതാക്കൾ കൂട്ടത്തോടെ മത്സരിക്കാനിറങ്ങിയ തിരുവനന്തപുരത്തും രാജിയും പോസ്റ്റർ പ്രതിഷേധവുമെല്ലാമായി കുഴഞ്ഞുമറിഞ്ഞ പത്തനംതിട്ടയിലും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രനീക്കമാണ് നടക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വലിയ മുന്നേറ്റമാണ് ഇക്കുറി യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സ്ഥാനാർഥികളുടെ കാര്യത്തിൽ തിരുവനന്തപുരത്തെ 14 സീറ്റുകളിൽ പത്തെണ്ണത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. പത്തനംതിട്ടയിലെ നാല് സീറ്റുകളിലും ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രശ്നങ്ങളുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഘടകകക്ഷിയുമായുള്ള പ്രശ്നവും തുടരുന്നു.
തിരുവനന്തപുരത്ത് വട്ടിയൂർക്കാവ്, കോവളം, ഘടകകക്ഷികൾക്ക് നൽകിയ തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ എന്നിവ മാറ്റിനിർത്തിയാൽ ബാക്കി 10 മണ്ഡലങ്ങളിലും കടുത്ത പ്രതിസന്ധിയാണ്. സീനിയർ നേതാക്കൾ ഉൾപ്പെടെ മത്സരിക്കാൻ തയാറായി നിൽക്കുന്നതാണ് പ്രധാന കാരണം. തിരുവനന്തപുരം സെൻട്രൽ സി.എം.പിക്ക് നൽകി സി.പി. ജോണിനെ മത്സരിപ്പിക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധവുമുണ്ട്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും കോവളത്ത് എം. വിൻസന്റും മാത്രമാണ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. സെൻട്രലിൽ മുൻമന്ത്രി വി.എസ്. ശിവകുമാർ അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്. തർക്കമണ്ഡലങ്ങളുടെ കാര്യത്തിൽ കോർകമ്മിറ്റി യോഗത്തിലും സമവായമായില്ല.
കാട്ടാക്കട, വാമനപുരം, അരുവിക്കര, വർക്കല, നേമം, കഴക്കൂട്ടം, നെയ്യാറ്റിൻകര, നെടുമങ്ങാട് സീറ്റുകളിൽ അനിശ്ചിതത്വം തുടരുകയാണ്. ശിവകുമാറിനെ അരുവിക്കരയിൽ മത്സരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും കെ.എസ്. ശബരീനാഥനെ പരിഗണിക്കുന്നതാകും നല്ലതെന്ന അഭിപ്രായം നേതൃത്വത്തിലുണ്ട്. വർക്കലയിൽ വർക്കല കഹാറിനെ മത്സരിപ്പിക്കാൻ നീക്കം നടത്തുമ്പോൾ ഡോ. എസ്.എസ്. ലാലിനെ പോലുള്ളവർക്ക് സീറ്റ് കിട്ടാത്ത സാഹചര്യവുമുണ്ട്. നേമത്ത് യുവനേതാവ് വൈഷ്ണ സുരേഷിന്റെ പേര് പരിഗണനയുണ്ടെങ്കിലും സമവായത്തിന്റെ പേരിൽ മറ്റാരെങ്കിലും സ്ഥാനാർഥിയായി വരുമോയെന്ന ആശങ്കയുമുണ്ട്. മുതിർന്ന നേതാക്കളായ പാലോട് രവി, എൻ. ശക്തൻ, എം.എം. ഹസൻ, ആനാട് ജയൻ എന്നിവരെല്ലാം മത്സരിക്കാൻ താൽപര്യവുമായി രംഗത്തുണ്ട്.
പത്തനംതിട്ടയിൽ ഘടകകക്ഷിക്ക് നൽകിയ തിരുവല്ല ഒഴികെ ബാക്കി നാല് സീറ്റുകളിലും പ്രതിസന്ധി തുടരുകയാണ്. അടൂരിൽ ശാന്തകുമാറിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ രാജിയുൾപ്പെടെയുണ്ടായി. റാന്നിയിൽ പഴകുളം മധുവിനെയും ആറൻമുളയിൽ അബിൻ വർക്കിയെയും മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കോന്നിയിലാകട്ടെ, അടൂർ പ്രകാശിന്റെ സ്ഥാനാർഥിത്വത്തിനായുള്ള പ്രചാരണം ശക്തമാണ്. ഇവിടങ്ങളിലെ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനുള്ള ചർച്ചകളിലാണ് നേതൃത്വം. ഫലത്തിൽ തൃശൂർ മുതൽ തെക്കോട്ടുള്ള എല്ലാ ജില്ലകളിലും കോൺഗ്രസ് സീറ്റ് വിഭജനത്തിൽ പ്രശ്നമുണ്ടെന്നതാണ് വസ്തുത. ആലപ്പുഴ, എറണാകുളം ജില്ലകളിലും പ്രശ്നം രൂക്ഷമാണ്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ സീറ്റുകളിൽ പ്രശ്നം തുടരുകയാണ്. കൊല്ലം ചാത്തന്നൂർ ഫോർവേർഡ് ബ്ലോക്കിന് നൽകിയതിനെതിരെ കോൺഗ്രസിൽ പ്രതിഷേധമുണ്ട്. ചടയമംഗലത്ത് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ സ്ഥാനാർഥിയാകുന്നതിനെതിരെയും പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.