തിരുവനന്തപുരം: ഡയറ്റുകളിലെ അറബിക് ലക്ചറർ തസ്തികയിൽ ബൈട്രാൻസ്ഫർ ക്വാട്ടയിലെ നിയമനത്തിനായുള്ള ലിസ്റ്റിലെ ഒന്നാംറാങ്കുകാരന് നൽകിയ നിയമന ശിപാർശ റദ്ദാക്കി പി.എസ്.സി. ആകെയുള്ള രണ്ട് ഒഴിവുകളിൽ പ്രൈമറി വിഭാഗത്തിൽനിന്ന് ഒന്നും രണ്ടും റാങ്കുകാരെ നിയമിച്ചു. പി.എസ്.സി നിയമന ശിപാർശ ലഭിച്ചതിനാൽ നിലവിലുണ്ടായിരുന്ന ഡെപ്യൂട്ടേഷൻ തസ്തികയിൽനിന്ന് ഉദ്യോഗാർഥി ഒഴിവായി.
ഒടുവിൽ പി.എസ്.സിക്ക് പറ്റിയ പിഴവിന് ഒന്നാംറാങ്കുകാരന് കാരണംകാണിക്കൽ നോട്ടിസ്. അറബിക് ലക്ചറർ തസ്തികയിൽ, തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ച് പരീക്ഷ എഴുതിയ സഫീറുദ്ദീൻ എന്ന ഉദ്യോഗാർഥിക്കാണ് പി.എസ്.സി നിയമന ശിപാർശയുടെ പേരിൽ നിലവിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നത്. തിരുവനന്തപുരം ജില്ലയിലെ നഗരൂർ സ്വദേശിയായ അപേക്ഷകൻ എച്ച്.എസ്.ടി (അറബിക്) ആയി ജോലി ചെയ്തിരുന്ന സമയത്താണ് പരീക്ഷ എഴുതിയത്. പിന്നീട് ഇദ്ദേഹം ഡെപ്യൂട്ടേഷനിൽ എസ്.സി.ഇ.ആർ.ടി.യിൽ റിസർച്ച് ഓഫിസറായി. 2025 നവംബർ 21ന് തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് നിലവിൽ വന്നു. വിജ്ഞാപനപ്രകാരം ബൈട്രാൻസ്ഫർ നിയമനത്തിന് പ്രൈമറി അധ്യാപകർക്ക് രണ്ട്, ഹൈസ്കൂൾ-ഹയർസെക്കൻഡറി അധ്യാപകർക്ക് ഒന്ന് (2:1)എന്നിങ്ങനെയാണ് നിയമന അനുപാതം. ഇതിനായി പ്രൈമറി വിഭാഗത്തിന് പാർട്ട് ഒന്ന്, ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗത്തിന് പാർട്ട് രണ്ട് എന്നിങ്ങനെ വ്യത്യസ്തമായാണ് റാങ്ക് പട്ടിക തയാറാക്കിയത്.
പാർട്ട് രണ്ടിലെ (ഹൈസ്കൂൾ-ഹയർസെക്കൻഡറി വിഭാഗം) ഒന്നാംറാങ്കുകാരനായിരുന്നു സഫീറുദ്ധീൻ. 2026 ജനുവരി 17ന് അപേക്ഷകന് നിയമന ശിപാർശ നൽകി. ഡയറ്റിൽ നിയമിക്കപ്പെടുന്നതിന് എസ്.സി.ഇ.ആർ.ടിയിലെ റിസർച്ച് ഓഫിസർ തസ്തികയിൽ നിന്ന് ഇദ്ദേഹം ഒഴിവായി മാതൃസ്ഥാപനത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ചു. എന്നാൽ മാർച്ച് നാലിന്, കൃത്യമായ കാരണം അറിയിക്കാതെ പി.എസ്.സി നിയമന ശിപാർശ റദ്ദാക്കി.
2:1 അനുപാത മാനദണ്ഡം അനുസരിച്ച്, അപേക്ഷകൻ നിയമനത്തിന് യോഗ്യനല്ല എന്നതാണ് കാരണമെന്നാണ് അന്വേഷിച്ചപ്പോൾ വ്യക്തമായത്. അനുപാതം ലംഘിക്കപ്പെട്ടു എങ്കിൽ അത് പി.എസ്.സിയുടെ ഭരണപരമായ വീഴ്ചയാണ്. അതിന് തന്നെ ശിക്ഷിക്കുന്നതെങ്ങനെ എന്നാണ് അപേക്ഷകന്റെ ചോദ്യം.
രണ്ട് ഒഴിവ് മാത്രമുള്ള തസ്തികയിൽ 2:1 അനുപാതം എങ്ങനെ നടപ്പാക്കുമെന്നും വ്യക്തതയില്ല. നീതി നിഷേധത്തിനെതിരെ കേരള ട്രൈബ്യൂണലിലെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം. നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാനാണ് ഉദ്യോഗാർഥിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.