മാറ്റണം, ശൈലി മാ​ത്രം; സ്വയം വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി

ന്യൂഡൽഹി: കേരളത്തിൽ നേതൃമാറ്റമില്ലെങ്കിലും നേതാക്കളുടെ പ്രവർത്തനശൈലിയിൽ മാറ്റം വേണമെന്നും തെറ്റുതിരുത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം. ഏറെനാളായി അധികാരത്തിലില്ലാത്ത ബംഗാളിൽ പോലും പാർട്ടി നേതാക്കൾക്ക് ധാർഷ്ട്യത്തിന് ഒരു കുറവുമില്ലെന്ന വിമർശനവും കേന്ദ്ര കമ്മിറ്റി യോഗത്തിലുയർന്നു.

പാർട്ടിയുടെ കൂടെ നിന്ന വ്യക്തികളെയും വിഭാഗങ്ങളെയും അകറ്റിയത് തിരുത്തണം. അതിന് ഇവരിലേക്കിറങ്ങി ചെല്ലുന്ന രീതിയിൽ നേതാക്കൾ പ്രവർത്തന ശൈലി മാറ്റണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയിൽ ആവശ്യമുയർന്നത്. അമിത ആത്മവിശ്വാസത്തിൽ സ്ഥാനാർഥിനിർണയത്തിൽ പാളിച്ചയുണ്ടായെന്ന വിമർശനവും സി.സി തള്ളിയില്ല.

സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളിലെ മാറ്റം അജണ്ടയിലില്ലെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തെ നേതൃത്വം അറിയിച്ചപ്പോൾ തന്നെ ഈ മാറ്റമോ സംസ്ഥാന സെക്രട്ടേറിയേറ്റ് പുനഃസംഘടനയോ ഇല്ലാതെ തിരുത്തൽ എങ്ങനെ വേണമെന്ന് വിശാല സംസ്ഥാന കമ്മിറ്റി ആലോചിക്കണമെന്ന നിർദേശവും കേന്ദ്ര കമ്മിറ്റി യോഗത്തിലുയർന്നു. തിരിച്ചടി നേരിടുന്ന സമയത്ത് പാർട്ടിക്ക് പോറലേൽപ്പിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും പാടില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു. മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം തിങ്കളാഴ്ച സമാപിക്കും.

രാഷ്ട്രീയ റിപ്പോർട്ട് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അവതരിപ്പിച്ചു. വിഴിഞ്ഞം തർക്കത്തിലിടപെടാതിരുന്ന സി.പി.എം ജനറൽ സെക്രട്ടറി പരസ്യപ്രസ്താവനകളിൽ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടി കേരളത്തിൽ വലിയ തിരിച്ചടികൾ നേരിട്ട് രാജ്യത്ത് തന്നെ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ പാർട്ടിയിൽപ്പെട്ടവർ പറയുന്നതൊന്നും പാർട്ടിക്ക് ദോഷമാകുന്ന തരത്തിലാകരുതെന്ന് ബേബി ഓർമിപ്പിച്ചു.

Tags:    
News Summary - CPM Central Committee self-criticizes, but only the style needs to be changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.