തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനായി മറിയുന്നത് കോടികൾ. 50 ശതമാനം സീറ്റുകളിലെ പ്രവേശനാധികാരം സ്വാശ്രയ മാനേജ്മെന്റുകൾക്ക് വിട്ടുനൽകിയതിന്റെ മറവിലാണ് ലക്ഷക്കണക്കിന് രൂപ സീറ്റിന് തലവരി ചുമത്തി പ്രവേശനം നടത്തുന്നത്. സ്വാശ്രയ കോളജുകളിലെ പകുതി സീറ്റുകളിലേക്ക് സർക്കാറിനാണ് പ്രവേശനാധികാരം. എൽ.ബി.എസ് വഴിയാണ് സർക്കാറിന്റെ പ്രവേശന നടപടികൾ. ബാക്കി പകുതി സീറ്റിലേക്ക് സർക്കാർ നിശ്ചയിച്ച ഫീസിൽ പ്രവേശനാധികാരം മാനേജ്മെന്റുകൾക്കാണ്.
കാത്തലിക് മാനേജ്മെന്റിന് കീഴിലുള്ള നഴ്സിങ് കോളജുകൾ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ച് കേന്ദ്രീകൃതമായാണ് നടത്തുന്നത്. പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനും സമാന രീതിയിൽ അപേക്ഷ ക്ഷണിച്ച് കേന്ദ്രീകൃത പ്രവേശനം നടത്തുന്നുണ്ട്. ഈ രണ്ട് സംവിധാനത്തിന് കീഴിൽ ഇല്ലാത്ത സ്വാശ്രയ കോളജുകൾ സ്വന്തം നിലക്കും പ്രവേശനം നടത്തുന്നു. ഇവയിൽ പല കോളജുകളും സർക്കാർ നിശ്ചയിച്ച ഫീസിന് പുറമെ അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ ഈടാക്കിയാണ് ബി.എസ്സി നഴ്സിങ് സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി പ്രവേശനം നടത്തുന്ന കോളജുകളുമുണ്ട്. സീറ്റ് കച്ചവടത്തിന് തടയിടാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഇല്ല. പ്രവേശന നടപടികളുടെ സുതാര്യത സർക്കാർ പരിശോധിക്കുന്നില്ല.
നേരത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ പ്രവേശനത്തിന് 50 ശതമാനം സീറ്റുകൾ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വിട്ടുനൽകിയപ്പോഴുണ്ടായിരുന്നതിന് സമാനമായ കച്ചവടമാണ് ഇപ്പോൾ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളുടെ കാര്യത്തിൽ നടക്കുന്നത്. മെഡിക്കൽ കോഴ്സുകളെ പോലെ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേയും പ്രവേശനം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. അതിനിടെ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് ഇത്തവണ അപേക്ഷകരുടെ എണ്ണത്തിൽ വൻ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 65432 പേരാണ് സർക്കാർ സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 51000 ആയി ചുരുങ്ങിയിട്ടുണ്ട്. കുറവിനുള്ള കാരണം എന്തെന്ന് എൽ.ബി.എസ് അധികൃതർക്കും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.