തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി മുൻനിർത്തി സർക്കാറിനെതിരെ പ്രതിരോധം തീർക്കാനുള്ള ഇടതു നീക്കങ്ങൾക്കിടെ, സി.പി.എമ്മിനെ വെട്ടിലാക്കി പിണറായി വിജയന്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും ‘പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ’ത്തിൽ വിദ്യാഭ്യാസ വിദഗ്ധനുമായിരുന്ന ഡോ. രതീഷ് കാളിയാടന്റെ ലേഖനം.
ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറാനാകില്ലെന്നും ധാരണാപത്രത്തിൽ എവിടെയും സംസ്ഥാന സർക്കാറിന് പിന്മാറാനുള്ള അവസരം ഉൾപ്പെടുത്തിയിട്ടില്ലെന്നും ‘സമകാലിക മലയാളം’ വാരികയിലെഴുതിയ ലേഖനത്തിൽ രതീഷ് കാളിയാടൻ തുറന്നു സമ്മതിക്കുന്നു.
കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസിയിൽ നിക്ഷിപ്തമാണെന്നും ലേഖനത്തിലുണ്ട്.
മന്ത്രിസഭയിൽ ചില മന്ത്രിമാർ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് മാറ്റിവെച്ച ധാരണാപത്ര വിഷയം, വീണ്ടും മന്ത്രിസഭയുടെ അംഗീകാരം തേടാതെ ഒപ്പുവെച്ചു എന്നത് അപാകതയായി ചൂണ്ടിക്കാട്ടാമെന്നാണ് മറ്റൊരു സ്വയംവിമർശനം.
‘‘പി.എം ശ്രീ പദ്ധതി സംബന്ധിച്ച് സർക്കാരിന് മുന്നിൽ ഇനി രണ്ടു മാർഗമേയുള്ളൂ. ധാരണാപത്രം ഒപ്പിട്ടതിനാൽ ദേശീയ വിദ്യാഭ്യാസ നയം 2020ലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന മാതൃകാ വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെ പരിവർത്തിപ്പിക്കുക എന്നതാണ് ഇതിലൊന്ന്. അതുവഴി കേന്ദ്രസർക്കാരിന്റെ പ്രീതി പിടിച്ചുപറ്റി പണം കൈപ്പറ്റുകയും, ‘നിങ്ങൾ ഒപ്പിട്ടത് ഞങ്ങൾക്കായി മാറ്റാൻ നിയമം അനുവദിക്കുന്നില്ല’ എന്ന് തൊടുന്യായം പറഞ്ഞ് കേന്ദ്രത്തിന് വിധേയപ്പെടുകയും ചെയ്യാം.
വരുംവരായ്കകൾ എന്തൊക്കെ തന്നെയായാലും പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് ദൃഢവും വ്യക്തവുമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക എന്നതാണ് രണ്ടാമത്തേത്. തീരുമാനം എന്തായാലും സർക്കാർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളി ചെറുതല്ല...’’ ലേഖനം ചൂണ്ടിക്കാട്ടുന്നു.
പി.എം ശ്രീ പദ്ധതിയുടെ രാഷ്ട്രീയം മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നും എതിർപ്പ് മുസ്ലിംകൾക്ക് മാത്രമാണെന്നും വരുത്തിത്തീർക്കുന്നതിലൂടെ അനാവരണം ചെയ്യപ്പെടുന്നത് അപരവത്കരണത്തിന്റെ മറ്റൊരു മുഖമാണെന്നും രതീഷ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.