പത്തനംതിട്ട: ദേവസ്വം ബോർഡിന് പുതിയ തലവേദനയായി ശബരിമലയിലെ തന്ത്രി സ്ഥാനം. തന്നെ ഒഴിവാക്കണമെന്നും പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരിക്കുകയാണ്. സ്വർണക്കൊള്ള കേസിൽ പ്രതിയായി ജയിൽവാസം അനുഭവിച്ച തന്ത്രി നൽകിയ കത്ത് പരിഗണിക്കുന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുകഴിഞ്ഞു.
വിവാദങ്ങളിൽ പെട്ടതിനെ തുടർന്ന് താന്ത്രിക ചുമതലയിൽനിന്ന് മാറ്റിനിർത്തപ്പെട്ട കണ്ഠരര് മോഹനരുടെ മകൻ മഹേഷ് മോഹനര് ആണ് നിലവിൽ താന്ത്രിക ചുമതല വഹിക്കുന്നത്. അതേപോലെ തന്റെ മകൻ ബ്രഹ്മദത്തനെ ചുമതലക്കാരനാക്കണമെന്നാണ് രാജീവരുടെ ആവശ്യം. കഴിഞ്ഞ തവണ രാജീവർക്കൊപ്പം സന്നിധാനത്ത് ബ്രഹ്മദത്തൻ ചുമതലകൾ നിർവഹിച്ചിരുന്നു.
കാലാവധി പൂർത്തിയാക്കുന്ന മഹേഷ് മോഹനരെ കുറിച്ചോ ബ്രഹ്മദത്തനെ കുറിച്ചോ ദേവസ്വം ബോർഡിലോ പുറത്തുനിന്നോ അഭിപ്രായഭിന്നത ഇല്ല.
ഈ സാഹചര്യത്തിലും പിതാവിന്റെ പേരിലെ വിവാദങ്ങളുടെ പേരിൽ മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് വിലയിരുത്തുമ്പോഴും തീരുമാനത്തിന് നിയമപരിരക്ഷ ലഭിക്കാതെ വരുമോ എന്ന് സംശയമുണ്ട്. അതിനാൽ ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ നിലപാട് കാക്കാനാണ് ദേവസ്വം ബോർഡിലെ ധാരണ.
ഇതിനിടെ, ശബരിമലയിലെ തന്ത്രിസ്ഥാനത്തുനിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് ഉറപ്പാണ്.
ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി.
ശബരിമലയിൽ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ല. ക്രിമിനൽ കേസിൽ ഉൾപ്പെട്ട് വിചാരണ നേരിടുന്നവരുടെ മക്കൾക്കുവേണ്ടി സംവരണം ചെയ്ത പദവിയാണോ ശബരിമല തന്ത്രിയുടേതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബി.ജെ.പി പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് വിഭിന്നമായാണ് ബി.ജെ.പി ഉപാധ്യക്ഷന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.