തൊടുപുഴ: സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ നിർമാണം പൂർത്തിയായത് 27 ഗ്രൗണ്ടുകൾ മാത്രം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നിലവാരമുള്ള കളിസ്ഥലങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 124, രണ്ടാംഘട്ടത്തിൽ 30, മൂന്നാംഘട്ടത്തിൽ 36 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 190 കളിസ്ഥലങ്ങൾക്കാണ് മുൻ സർക്കാർ അനുമതി നൽകിയത്. 73 കളിസ്ഥലങ്ങളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. 48 ഗ്രൗണ്ടുകളുടെ നിർമാണ പ്രവൃത്തികൾക്ക് ടെൻഡർ നടപടികൾ പൂർത്തിയായി. 20 പ്രവർത്തികളുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി ബന്ധപ്പെട്ട ജില്ല കലക്ടർമാർക്കോ തദ്ദേശ സ്ഥാപന അധികൃതർക്കോ സമർപ്പിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. 23 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കി വരികയാണ്. 147 പ്രവൃത്തികള്‍ക്ക് 139.36 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു കോടി ചെലവിൽ ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ കോർട്ടുകൾ, ഓപൺ ജിംനേഷ്യം, നടപ്പാതകൾ എന്നിവ നിർമിക്കുമെന്നായിരുന്നു അവകാശ വാദം.
ഇതിനായി കായിക വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഫണ്ട് കണ്ടെത്തിയിരുന്നത്. മൂന്ന് വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കളിക്കളം എന്നതായിരുന്നു ഉദ്ഘാടന വേളയിലെ അവകാശ വാദം. എന്നാൽ പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കായിക വകുപ്പിന് വീഴ്ച പറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.