തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയിൽ സി.പി.എം അനുനയത്തിന് തയാറാകുമ്പോഴും സി.പി.ഐ നിലപാട് കടുപ്പിച്ച് പരസ്യ വിമർശനത്തിന് മുതിരുന്നതിന് പിന്നിൽ വഴങ്ങാനില്ലെന്ന കൃത്യമായ സന്ദേശം. എം.എൻ സ്മാരകത്തിലെത്തി ചർച്ച നടത്തിയാലും പദവി കൈവിട്ടുള്ള ഒരു ഒത്തുതീർപ്പിനും സി.പി.ഐ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ബിനോയ് വിശ്വം ഞായറാഴ്ച നടത്തിയത്. 14ന് നടക്കുന്ന ചർച്ചയിൽ സി.പി.ഐയുടെ സമീപനം എന്തായിരിക്കുമെന്നതും ബിനോയ് വിശ്വത്തിൽ വാക്കുകളിൽ പ്രകടനം. പാലക്കാട് ബ്രൂവറി വിഷയത്തിലേതുപോലെ, സി.പി.ഐയെ അനുനയിപ്പിച്ച് വരുതിയിലാക്കാൻ നോക്കേണ്ടെന്നും ബിനോയ് പറയാതെ പറയുന്നു.ഇടതുമുന്നണി രൂപവത്കരിച്ച ശേഷം ആദ്യമായി എം.എൻ സ്മാരകത്തിൽ മുന്നണിയോഗം ചേർന്നത് 2025 ഫെബ്രുവരിയിലാണ്. ബ്രൂവറി വിഷയത്തിലെ സി.പി.ഐയുടെ എതിർപ്പിനെ ‘ആതിഥേയരെന്ന പരിമിതി’ മുൻനിർത്തി സി.പി.എം ദുർബലമാക്കിയതും പാസാക്കിയെടുത്തതും ഈ യോഗത്തിലാണ്. സാങ്കേതിക കാരണങ്ങളാൽ യാഥാർഥ്യമായില്ലെങ്കിലും ബ്രൂവറിക്ക് രാഷ്ട്രീയമായ പച്ചക്കൊടി കിട്ടിയതിൽ ബിനോയ് വിശ്വം പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനത്തിന് വിധേയനായിരുന്നു. ഇതോടെയാണ് പി.എം ശ്രീയിൽ കടുത്ത ചെറുത്തുനിൽപ്പിന് സി.പി.ഐ തയാറായത്. സമാന നിലപാടാണ് പ്രതിപക്ഷ ഉപനേതൃ പദവിയിലും സി.പി.ഐ സ്വീകരിച്ചിരിക്കുന്നത്.
സി.പി.ഐയെ അനുനയിപ്പിച്ച് ഉപനേതൃ പദവി കയ്യാളാമെന്ന സി.പി.എം ആലോചനകൾ താളം തെറ്റിയതോടെ ചർച്ചയുടെ പ്രസക്തിയും ചോദ്യമുനയിലാണ്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സി.പി.ഐയുടെ അവകാശവാദത്തോട് ‘‘അതൊക്കെ പറഞ്ഞുകൊണ്ടിരിക്കും, അതെല്ലാം കഴിഞ്ഞ കാര്യമാണ്’’ എന്നതായിരുന്നു പിണറായിയുടെ സമീപനം. പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കാൻ സി.പി.എമ്മിന് അവകാശമുണ്ടെന്ന നിലപാട് എം.വി ഗോവിന്ദൻ പലവട്ടം ആവർത്തിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് സി.പി.എം മയപ്പെടുമ്പോഴാണ് സി.പി.ഐ കടുപ്പിക്കുന്നത്. മുന്നണിയിലെ നിയമസഭാ പ്രാതിനിധ്യമടക്കം പിടിവള്ളിയാക്കിയാണ് സി.പി.ഐ നീക്കങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.