ലക്നോ: സോഷ്യൽ മീഡിയ ആസക്തിയും റീൽ നിർമാണത്തോടുള്ള ഭ്രമവും എങ്ങനെ മാരകമാകുമെന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഓർമപ്പെടുത്തലായി, ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ഒരു യുവതിയുടെ ദാരുണാന്ത്യം. വിഡിയോ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒരു റീലിന്റെ അരങ്ങേറ്റ രംഗമായി തുടങ്ങിയത് യഥാർത്ഥ ജീവിതത്തിലെ ദുരന്തത്തിൽ അവസാനിച്ചു. അത് ഒരു കുടുംബത്തെയും തകർത്തു.
27 കാരിയായ മോഹിനി തന്റെ വീടിനുള്ളിൽ റീൽ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോഴാണ് സംഭവം. തൂങ്ങിക്കിടക്കുന്ന ഒരു രംഗം ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു മോഹിനി. കഴുത്തിൽ കുരുക്ക് കെട്ടി മൊബൈൽ ഫോണിൽ ആ രംഗം പകർത്താൻ അവർ ഒരു സ്റ്റൂളിൽ കയറി നിന്നു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ കൈവിട്ടുപോയി. വഴുതി വീണോ അതോ സമനില തെറ്റിയോ എന്ന് വ്യക്തമല്ല, കഴുത്തിൽ കുരുക്ക് മുറുകിയതോടെ ഉടനടി യുവതിയുടെ മരണം സംഭവിക്കുകയായിരുന്നു.
മോഹിനിയുടെ നാലു വയസ്സുള്ള മകൾ മുറിയിലേക്ക് പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മ തൂങ്ങിക്കിടക്കുന്നത് കണ്ട് കുട്ടി സഹായത്തിനായി നിലവിളിച്ചു. അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ട കാഴ്ചയിൽ അവർ സ്തബ്ധരായി. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കുരുക്കിൽ നിന്ന് താഴെയിറക്കി കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കേസ് അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് റീൽ ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടമാണെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.