രാമന് ഒരു വിവാഹം മതിയെങ്കിൽ എന്തുകൊണ്ട് റഹീമിന് നാല് വിവാഹങ്ങൾ?, മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

കട്നി: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്. ബിൽ പാസാക്കുന്നതോടെ, ഒരു വിവാഹം മാത്രം കഴിക്കുന്നവർക്ക് മാത്രമേ സംസ്ഥാനത്ത് താമസിക്കാൻ നിയമപരമായ അവകാശമുണ്ടാകൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കട്നി ജില്ലയിൽ സന്ദീപനി സ്കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും തുല്യമായ നിയമവ്യവസ്ഥ ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘ഒരേ രാജ്യം, ഒരേ ഭരണഘടന, ഒരേ നിയമം എന്നിരിക്കെ എന്തിന് ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും വെവ്വേറെ നിയമങ്ങൾ? രാമന് ഒരു വിവാഹം മതിയെങ്കിൽ എന്തുകൊണ്ട് റഹീമിന് രണ്ട്, മൂന്ന് അല്ലെങ്കിൽ നാല് വിവാഹങ്ങൾ ആകാം?’ മുഖ്യമന്ത്രി ചോദിച്ചു. ഏകീകൃത സിവിൽ കോഡ് നടപ്പിലാകുമ്പോൾ ഒരു വിവാഹം മാത്രം കഴിക്കുന്നവർക്ക് മാത്രമേ സംസ്ഥാനത്ത് താമസിക്കാൻ നിയമപരമായ അവകാശമുണ്ടാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തലാഖ് സമ്പ്രദായത്തിന് നിലവിലെ നിയമവ്യവസ്ഥയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മൂന്ന് തവണ തലാഖ് എന്ന് പറയുന്നവർ ജയിലിൽ പോകും. മുത്തലാഖിന്റെ കാലം കഴിഞ്ഞു. ഇനി ഒരു വിവാഹം മാത്രമേ നിയമപരമായി അംഗീകരിക്കപ്പെടുകയുള്ളൂ’ യാദവ് പറഞ്ഞു. പൗരന്മാർക്കിടയിൽ വിവേചനം പാടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഭോപ്പാലിലെ ജഗദീഷ്പൂരിൽ ചേരുന്ന അടുത്ത മന്ത്രിസഭായോഗത്തിൽ ബിൽ പരിഗണിക്കുമെന്നും, തുടർന്ന് വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് രൂക്ഷമായി പ്രതികരിച്ചു. ‘റാം’, ‘റഹീം’ എന്നീ പേരുകൾ രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിച്ചതിനെ ഹഫീസ് അപലപിച്ചു. ഇരു മതവിഭാഗങ്ങളുടെയും വിശുദ്ധ നാമങ്ങളെ രാഷ്ട്രീയ താരതമ്യത്തിന് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിലവാരത്തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഭരണഘടനാപരമായി ചില ഗോത്രവിഭാഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബി.ജെ.പി നടത്തുന്ന നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമ്പോൾ ചില വിഭാഗങ്ങളെ ഒഴിവാക്കി മറ്റ് വിഭാഗങ്ങളെ മാത്രം ലക്ഷ്യമിടുന്നതിലെ വ്യക്തത വരുത്തണമെന്നും, അല്ലാത്തപക്ഷം ഇതൊരു രാഷ്ട്രീയ നാടകം മാത്രമാണെന്നും ഹഫീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - "If Ram had one marriage, why should Raheem have four?" - MP CM Mohan Yadav announces Uniform Civil Code bill soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.