‘ശബ്ദമുയർത്തുന്നവർ ഇവരുടെ കണ്ണിൽ ദേശവിരുദ്ധർ, സോനം വാങ്‌ചുക്കിനെതിരായ നടപടി ജനാധിപത്യത്തിനേറ്റ മറ്റൊരു കറുത്ത പാട്’ -മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ഡൽഹി പൊലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സർക്കാറിന്റെ ഈ നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഏറ്റ മറ്റൊരു 'കറുത്ത പാട്' ആണെന്ന് ഖാർഗെ ആരോപിച്ചു. തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂക്ഷമായ ഭാഷയിലാണ് ഖാർഗെ തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രതികരിച്ചത്.

"ഗംഗാ നദിയെ രക്ഷിക്കാൻ 111 ദിവസം നിരാഹാരം കിടന്ന് ജീവൻ വെടിഞ്ഞ പ്രൊഫ. ജി.ഡി. അഗർവാൾ, ഹരിയാനയിൽ നിന്നുള്ള ഒളിമ്പിക് ഗുസ്തി താരങ്ങൾ, ജീവൻ നഷ്ടപ്പെട്ട 750 കർഷകർ, ദലിതർ, ആദിവാസികൾ, ഒടുവിൽ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഇരയായ 25 കുട്ടികളും അവരുടെ കുടുംബങ്ങളും... ഈ സ്വേച്ഛാധിപത്യ സർക്കാർ ആരെയാണ് ബാക്കിവെച്ചത്? അവരുടെ കണ്ണിൽ ശബ്ദമുയർത്തുന്നവരെല്ലാം 'ദേശവിരുദ്ധരും' 'പരാദങ്ങളുമാണ്'!" -മല്ലികാർജുൻ ഖാർഗെ എക്സിലൂടെ കുറിച്ചു.

ശനിയാഴ്ച രാവിലെയാണ് വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസ് ജന്തർ മന്തറിലെ സമരപ്പന്തലിൽനിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് ബലം പ്രയോഗിച്ച് മാറ്റിയത്. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരവും ആരോഗ്യനില വഷളാകുന്നു എന്ന മെഡിക്കൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് വാങ്‌ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.

നിലവിൽ വാങ്‌ചുക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാൽ നീണ്ട ഉപവാസം മൂലം നേരിയ നിർജ്ജലീകരണവും ക്ഷീണവുമുണ്ടെന്നും സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ചാരു ബംബ അറിയിച്ചു.

പോലീസ് നടപടിക്കെതിരെ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇടത് വിദ്യാർത്ഥി സംഘടനകളും പങ്കുചേർന്നു. വാങ്‌ചുക്കിനെതിരായ പോലീസ് നടപടിയിലും പ്രതിഷേധം അവസാനിക്കില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ പ്രഖ്യാപിച്ചു.

Tags:    
News Summary - Those who raise their voices are 'anti-nationals' in their eyes, action against Sonam Wangchuk is another 'black mark' on democracy - Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.