ന്യൂഡൽഹി: ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സോനം വാങ്ചുക് ആശുപത്രിയിലും നിരാഹാരം തുടരുകയാണെന്ന് ഭാര്യ. വർഷകാല സമ്മേളനം തുടങ്ങുന്ന 20ന് പ്രഖ്യാപിച്ച പാർലമെൻറ് മാർച്ചുമായി മുന്നോട്ടുപോകുമെന്നും ഭാര്യ ഗീതാഞ്ജലി ജെ. അങ്മോ ജന്തർ മന്തറിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു. വാങ്ചുകിനെ ജന്തർ മന്തറിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡൽഹി ഹൈകോടതി ഉത്തരവിട്ടില്ലെന്ന് ഭാര്യ ഗീതാഞ്ജലി പറഞ്ഞു.
ഒരു വ്യക്തിയുടെ ആരോഗ്യം പരമവും പതിവായി നിരീക്ഷിക്കപ്പെടേണ്ടതും ആണെന്നും പറഞ്ഞപ്പോഴും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞിരുന്നില്ല. നിരീക്ഷണവും പരിശോധനകളും നടത്താനാണ് ആവശ്യപ്പെട്ടത്. ഈ പരിശോധനാ റിപ്പോർട്ടുകൾ തങ്ങളെ കാണിക്കാതെയാണ് സോനം വാങ്ചുകിനെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ റിപ്പോർട്ടുകൾ തങ്ങൾ ആവശ്യപ്പെട്ടിട്ടും തന്നില്ല.
പരിശോധന റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിലും സംശയങ്ങളുണ്ട്. അദ്ദേഹത്തിന്റെ പൊട്ടാസ്യം നിരക്ക് വെള്ളിയാഴ്ച വൈകീട്ട് 4.3 ആയിരുന്നു. അത് നേരം പുലരുമ്പോഴേക്കും 2.9 ആവുകയില്ല. ഉപ്പു കലർത്തിയ വെള്ളം മാത്രമാണ് കുടിച്ചു കൊണ്ടിരിക്കുന്നത്. അനിശ്ചിതമായി ഉപവസിച്ചു കൊണ്ടിരിക്കുമ്പോൾ മസിൽ ഭാരം നഷ്ടപ്പെടുമെന്നുറപ്പാണ്. സാധാരണ ഉപവാസത്തിൽ അത് സംഭവിക്കും.
എന്നാൽ, അദ്ദേഹം ശക്തനും തന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാനുമാണെന്ന് ഗീതാഞ്ജലി വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാർ ഇടപെടേണ്ടിയിരുന്നില്ല. അടുത്ത ചുവടുവെപ്പ് എന്താണെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും ഭാര്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.