മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി; `നരേന്ദ്രമോദി സർക്കാറിന്‍റെ തത്വം അസത്യവും ഹിംസയും, സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നു'

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ‍്യപ്പെട്ട് ജന്തർമന്തറിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടരുന്ന സോനം വാങ്ചുക്കിനെ ബലമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിഷയത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന മൗനം വെടിഞ്ഞാണ് പ്രതികരണവുമായി രാഹുൽ ഗാന്ധിയെത്തിയിരിക്കുന്നത്. സമാധാനപരമായ പ്രതിഷേധത്തെ നരേന്ദ്രമോദി സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് കേന്ദ്രസർക്കാറിന്‍റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. അസത്യവും ഹിന്‍സയുമാണ് ഈ സർക്കാറിന്‍റെ പ്രധാന തത്ത്വമെന്നും അംഹിസപരമായ നിരഹാരസമരത്തെ തടസപ്പെടുത്തിയത് തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസചിലവിലെ കുത്തനെ വർധന, വിദ്യാർഥികളുടെ ആത്മഹത്യകൾ എന്നിവയാണ് രാജ്യത്തെ ഏറ്റവും ഗുരുതരമായ വെല്ലുവിളികളിലൊന്ന്. ഇന്ത്യയിലെ വിദ്യാർഥികളെയോ അവരുടെ കൂടെ നിൽക്കുന്നവരെയോ വിഷയം ഉയർത്തിക്കാട്ടുമ്പോൾ ഒരു ബലപ്രയോഗത്തിനും തടയാനാവില്ല" എന്നും അദ്ദേഹം വ്യക്തമാക്കി. വാങ്ചുക്കിന്റെ പ്രതിഷേധത്തിന് കോൺഗ്രസിന്റെ പിന്തുണയാണ് അദ്ദേഹത്തിന്‍റെ പ്രതികരണത്തിലൂടെ സൂചിപ്പിക്കുന്നത്.

 അതേ സമയം സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദീപ്കെ നിരാഹാര സമരം തുടങ്ങി. നിരാഹാര സമരം 21-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ജന്തർ മന്തറിൽ സമരത്തിന് നേതൃത്വം നൽകുന്ന സി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. സമരക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സഫ്ദർജങ് ആശുപത്രിയിലേക്കാണ് വാങ്ചുക്കിനെ മാറ്റിയത്.

ശനിയാഴ്ച പുലർച്ചെ ഡോക്ടർമാരെന്ന വ്യാജേന മഫ്തിയിൽ സമരപ്പന്തലിൽ എത്തിയ പൊലീസ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സമരപ്പന്തലിലെത്തിയ ഏതാനും പൊലീസുകാർ വാങ്ചുക്കുമായി സംസാരിക്കുകയും തൊട്ടുപിന്നാലെ കൂടുതൽ പൊലീസുകാർ സമരപ്പന്തലിലേക്ക് ഇരച്ചുകയറി തുണികൊണ്ട് മറതീർത്ത് വാങ്ചുക്കിനെ ബലമായി നീക്കുകയുമായിരുന്നു.

നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജൂൺ 28-നാണ് വാങ്ചുക് ഉപവാസ സമരം ആരംഭിച്ചത്. പരിസ്ഥിതി പ്രവർത്തകന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ കോടതിയും ഇടപെട്ടിരുന്നു. ആരോഗ്യം വഷളാകുന്നതു സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിന് മുമ്പാണ് പൊലീസ് നടപടി. വാങ്ചുക്കിന്റെ അറസ്റ്റിനു പിന്നാലെ പൊലീസ് മറ്റ് സമരക്കാരെയും നീക്കാൻ ശ്രമം നടത്തിയത് സംഭവസ്ഥലത്ത് സംഘർഷത്തിനിടയാക്കി. ഇതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവസ്ഥലത്ത് സംഘർഷം തുടരുകയാണ്. 28 ദിവസം മുമ്പാണ് സി.ജെ.പി സമരം തുടങ്ങിയത്.

സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന്, ഹൈക്കോടതിയുടെ ഉത്തരവുകളുടെയും വൈദ്യോപദേശത്തിന്റെയും അടിസ്ഥാനത്തിൽ അത്യാവശ്യ വൈദ്യസഹായത്തിനായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Rahul Gandhi breaks silence; 'The philosophy of the Narendra Modi government is falsehood and violence, it suppresses peaceful protest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.