കൊൽക്കത്ത: പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നവരും വിമതപക്ഷത്ത് അഭയം പ്രാപിച്ചവരും മമത ബാനർജിയുടെ നേതൃത്വത്തിലേക്ക് തിരികെ വരികയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ രാജി വെക്കുമെന്ന് ടി.എം.സി നേതാവ് അഭിഷേക് ബാനർജി.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ടി.എം.സി വിട്ടവരും വിമത പക്ഷത്ത് ചേർന്നവരും കാരണമായി ചൂണ്ടിക്കാട്ടിയത് അഭിഷേക് ബാനർജിയുടെ നേതൃത്വശൈലിയായിരുന്നു. അടുത്തിടെ ടി.എം.സിയുടെ മുതിർന്ന നേതാവ് അനുബ്രത മൊണ്ഡലും എം.എൽ.എ മദൻ മിത്രയും ടി.എം.സി ജനറൽ സെക്രട്ടറികൂടിയായ അഭിഷേകിനെതിരെ പൊതുവേദിയിൽവച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പിന്നാലെ ഇരുവരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിൽ ചേർന്നു. അഭിഷേകുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകൾ മമത ബാനർജി കേട്ടില്ല എന്നതായിരുന്നു ഈ നേതാക്കൾക്കിടയിലെ പ്രധാനപരാതി.
മമത ബാനർജിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെങ്കിൽ ആദ്യം ടി.എം.സിയിലേക്ക് തിരിച്ചുവരണമെന്നാണ് തനിക്കെതിരെയുള്ള വിമർശനത്തിന് മറുപടിയായി അന്ന് അഭിഷേക് പറഞ്ഞത്.
ഓരോരുത്തർക്കും സ്വന്തം രാഷ്ട്രീയം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ ഇ.ഡി സമൻസ് ലഭിച്ച ഉടൻ ഭയം മൂലം നേതാക്കൾ പാർട്ടി മാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നെയും ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഞാൻ ഓടിപ്പോയിട്ടില്ല. ഏകദേശം പത്ത് തവണയാണ് ഇഡി വിളിപ്പിച്ചത്. സിബിഐയും എസ്.ടി.എഫും സംസ്ഥാന പൊലീസും എന്നെ വിളിച്ചിട്ടുണ്ട്. എനിക്കെതിരെ 20 മുതൽ 30 വരെ എഫ്ഐആറുകളുണ്ട്. കൃത്യമായ എണ്ണം എനിക്കുതന്നെ അറിയില്ല. എനിക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളുടെയും പട്ടിക നൽകണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിച്ചു. ഞാൻ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട് വാർത്താ ഏജൻസിയായ പി.ടി.ഐ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.