ന്യൂഡൽഹി: പാർലമെന്റിന്റെ നിർണായക വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും.
19 ദിവസം നീളുന്ന സമ്മേളനത്തിൽ വിവാദ വിഷയങ്ങളും സുപ്രധാന നിയമനിർമാണങ്ങളും ഉൾപ്പെടുന്നു. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ) ബിൽ, വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന ബിൽ എന്നിവ ഉൾപ്പെടെ അഞ്ചിലധികം സുപ്രധാന ബില്ലുകൾ സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
അതേസമയം, രാഷ്ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡല പുനർനിർണയം, 130-ാം ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള നിർണായക ഭരണഘടന ഭേദഗതി ബില്ലുകൾ തൽക്കാലം ഉണ്ടാകില്ല. ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ ഇത്തരം ബില്ലുകൾ മാറ്റിവെക്കുന്നതെന്നാണ് സൂചന.
ഭരണഘടന ഭേദഗതികള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം അതായത്, 363 എം.പിമാർ ലോക്സഭയില്‍ ഹാജരായി വോട്ട് രേഖപ്പെടുത്തണം. ലോക്‌സഭയില്‍ എന്‍.ഡി.എയുടെ നിലവിലെ അംഗബലം 293 ആണ്. തൃണമൂലിലെയും ശിവസേനയിലെയും വിമത എം.പിമാരുടെ കൂറുമാറ്റം സ്പീക്കര്‍ അംഗീകരിച്ചാലും 319 അംഗങ്ങളേ ആവൂ. 360ലെത്താന്‍ പിന്നെയും വേണം 41 പേര്‍.
രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 161 അംഗങ്ങളുടെ പിന്തുണയാണ്. എന്‍.ഡി.എക്ക് ഇപ്പോള്‍ തന്നെ 152 അംഗങ്ങളുടെ പിന്‍ബലമുണ്ട്. അതിനാല്‍ വിവാദ ബില്ലുകള്‍ രാജ്യസഭ കടത്തുക വലിയ വെല്ലുവിളിയാവില്ലെന്നാണ് വിലയിരുത്തൽ.
വോട്ട് ചെയ്യുന്നവര്‍ മാത്രമല്ല, വിട്ടുനില്‍ക്കുന്നവരും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും. അതിനാല്‍ മണ്‍സൂണ്‍ സെഷനില്‍ ഓരോ വോട്ടും പ്രധാനമാണ്. ഓരോ എം.പിയും വോട്ട് ചെയ്യുന്നതും വോട്ട് ചെയ്യാതിരിക്കുന്നതും രാജ്യത്തിന്റെ ഗതി നിര്‍ണയിക്കും.
അതുകൊണ്ടുതന്നെ, മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളും അവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും വരുംദിവസങ്ങളിൽ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന വിഷയങ്ങളിലൊന്നാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.