ന്യൂഡൽഹി: എല്ലാം കരുതിയുറപ്പിച്ചായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ സമരവും സോനം വാങ്ചുകിന്റെ നിരാഹാരവും പൊളിക്കാൻ ശനിയാഴ്ച അതിരാവിലെ ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ സച്ചിൻ ശർമയുടെ കാർമികത്വത്തിൽ നടന്ന ഓപറേഷൻ.
സുപ്രീം കോടതി അവധി കൂടി പരിഗണിച്ച് ശനിയാഴ്ച യാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് സമരക്കാരെ നേരിടാൻ തിരഞ്ഞെടുത്തതും. ഇതിനു മുന്നോടിയായി ഡൽഹി പൊലീസ് കമീഷണറെ രണ്ട് ദിവസം മുമ്പ് മാറ്റുകയും ചെയ്തിരുന്നു.
ഭാരം ക്രമാതീതമായി കുറഞ്ഞുവെങ്കിലും താൻ സമരവുമായി മുന്നോട്ടു പോകുകയാണെന്ന് വെള്ളിയാഴ്ച രാത്രിയും സോനം വാങ് ചുക് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറുകൾക്കകം ആയിരുന്നു പൊലീസ് നടപടി. യൂനിഫോം ധരിക്കാതെയായിരുന്നു പൊലീസുകാരുടെ ആദ്യ സംഘത്തിന്റെ വരവ്.
സോനം വാങ്ചുകിനെ കൊണ്ടുപോകാനുള്ള ഒരു ആംബുലൻസും അവർ കൂടെ കരുതിയിരുന്നു. അദ്ദേഹത്തെ എടുത്തുകൊണ്ടു പോയതും സമരത്തെ അടിച്ചമർത്താനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. തന്നെ പൊലീസ് അടിച്ചുവെന്നും തടങ്കലിലാക്കിയിരിക്കുകയാണെന്നും അഭിജീത് എക്സിൽ കുറിച്ചു. സോനത്തെ ബലപ്രയോഗത്തിലൂടെ എടുത്ത പൊലീസ് സമരക്കാരെയും അടിക്കുന്നുണ്ടെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിൽ തുടർന്നു.
സോനത്തെ എടുത്തുമാറ്റിയതോടെ സമരം പൊളിക്കാൻ വൻ പൊലീസ്, അർധ സൈനിക സന്നാഹങ്ങളിറങ്ങി മറ്റു സമരക്കാരെയും നീക്കം ചെയ്തു തുടങ്ങി. ചെറുത്തുനിന്നവർ അടിയേൽക്കുകയും ബലപ്രയോഗത്തിനിരയാകുകയും ചെയ്തു. പാർലമെൻറ് മാർച്ച് അനുവദിക്കില്ലെന്ന സൂചന നൽകിയ ഡൽഹി പൊലീസ് കൊക്രോച്ച് ജനതാ പാർട്ടി ഇതുവരെ അതിന് അനുമതി തേടിയിട്ടില്ലെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.