ന്യൂഡൽഹി: പ്രത്യേക സാമ്പത്തിക മേഖലയിൽ മത്സ്യസമ്പത്തിന്റെ സുസ്ഥിര സമാഹരണം ഊർജിതമാക്കാന്‍ ആവിഷ്കരിച്ച 2025ലെ നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ആഴക്കടൽ മത്സ്യബന്ധനം സമഗ്രമാക്കാനും തീരദേശ നിവാസികളുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്താനും അതുവഴി സമുദ്ര സമ്പദ്വ്യവസ്ഥക്ക് ഉണർവേകാനുമാണ് നിയമം ലക്ഷ്യമിടുന്നത്.
സമുദ്ര മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തി തീരദേശ നിവാസികളുടെ പുരോഗതിക്കായി അവ ഉപയോഗപ്രദമാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. 2025-26 ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായിരുന്നു. പ്രത്യേക സാമ്പത്തിക മേഖലയുടെ 49 ശതമാനം ഉൾക്കൊള്ളുന്ന ആന്തമാനും ലക്ഷദ്വീപും അടക്കമുള്ള ദ്വീപ് മേഖലകൾക്ക് പ്രത്യേക ഊന്നൽ ലഭിക്കും.
ആഴക്കടൽ മത്സ്യബന്ധത്തിന് മുന്‍ഗണന നൽകി ചെറുകിട മത്സ്യത്തൊഴിലാളികളുടെ സഹകരണ സംഘങ്ങളെയും മത്സ്യകർഷകരുടെ സംഘങ്ങളെയും ശാക്തീകരിക്കുന്നതും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളിലുണ്ട്.
പരിശീലന പരിപാടികൾ, മൂല്യവര്‍ധിത സംരംഭങ്ങൾ, വിപണനം, ബ്രാൻഡിങ്, കയറ്റുമതി എന്നിവയുൾപ്പെടെ മത്സ്യത്തൊഴിലാളികൾക്കും അവരുടെ സഹകരണ സ്ഥാപനങ്ങൾക്കും സമഗ്രമായ പിന്തുണയും സഹായവും നൽകും.
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന, മത്സ്യബന്ധന അടിസ്ഥാനോപാധി വികസന നിധി തുടങ്ങിയ സ്കീമുകൾക്ക് കീഴിൽ മിതമായ നിരക്കിൽ വായ്പകളും ലഭ്യമാക്കും. എൽ.ഇ.ഡി ലൈറ്റ് ഫിഷിങ്, പെയർ ട്രോളിങ്, ബുൾ ട്രോളിങ് എന്നിങ്ങനെയുള്ള ഹാനികരമായ മത്സ്യബന്ധന രീതികൾ തടയാന്‍ കർശന നടപടികൾക്ക് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.