ഇസ്രായേൽ സ്നദർശന വേളയിൽ നെതന്യാഹുവിലെ ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രി മോദി, അസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെയും വിദേശനയത്തെയും രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോൾ പ്രധാനമന്ത്രി മോദി ഇസ്രായേലുമായി അടുപ്പം കാണിക്കുന്നത് ഇന്ത്യയുടെ പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ഉവൈസി ചൂണ്ടിക്കാണിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പകരം ഒരു വശത്തേക്ക് മാത്രം ചായുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉവൈസി.
യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ അയക്കാനുള്ള തീരുമാനത്തെ ഉവൈസി ചോദ്യം ചെയ്തു. നമ്മുടെ യുവാക്കളെ ഇസ്രായേലിലേക്ക് അയക്കുന്നത് പ്രധാനമന്ത്രി മോദി ഉടൻ അവസാനിപ്പിക്കണം. അവരെ മരണത്തിന്റെ വായയിലേക്കാണ് നിങ്ങൾ തള്ളിവിടുന്നത്. അവിടെ അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏൽക്കും? ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം കടുക്കുമ്പോൾ പാവപ്പെട്ട തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കാൻ നീക്കങ്ങൾ നടന്നിരുന്നു.
ഫലസ്തീൻ ജനതയോടുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയിൽനിന്ന് മോദി സർക്കാർ പിന്നോട്ട് പോയെന്ന് അദ്ദേഹം ആരോപിച്ചു. ഗസ്സയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ പതിനായിരക്കണക്കിന് കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടു. ലോകം മുഴുവൻ ഇതിനെതിരെ ശബ്ദമുയർത്തുമ്പോൾ, ഇന്ത്യ ഇസ്രായേലിന് ഡ്രോണുകളും ആയുധങ്ങളും നൽകി സഹായിക്കുകയാണെന്ന് വാർത്തകൾ വരുന്നു. ഇതാണോ നമ്മുടെ വിദേശനയം? ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുക എന്നതായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും നയം. മോദി സർക്കാർ ആ പാരമ്പര്യം തകർത്തിരിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.
ഇറാൻ ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ യുദ്ധഭീതി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ മിതമായ നിലപാട് സ്വീകരിക്കുന്നതിന് പകരം ഇസ്രായേലിനോട് കൂടുതൽ അടുക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉവൈസി മുന്നറിയിപ്പ് നൽകി. മോദി സർക്കാരിന്റെ വിദേശനയം പരാജയമാണെന്നും അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഉവൈസി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കും ദശലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷക്കും പശ്ചിമേഷ്യയിലെ സമാധാനം അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മുമ്പ് പ്രധാനമന്ത്രി മോദി നടത്തിയ ഇസ്രായേൽ സന്ദർശനത്തെയും നെതന്യാഹുവുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സൗഹൃദത്തെയും ഉവൈസി പരിഹസിച്ചു. യുദ്ധപ്രഭുവായ ഒരു നേതാവിനെ ആലിംഗനം ചെയ്യുന്നതിലൂടെ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായക്ക് മങ്ങലേറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്നത് കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമാണ് ഉണ്ടായത്? സമാധാനത്തിന്റെ വക്താക്കളാകേണ്ട നാം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ കൂടെ നിൽക്കുന്നത് ലജ്ജാകരമാണെന്നും ഉവൈസി തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.