ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് അതിക്രമങ്ങൾ വർധിക്കുന്നു; ജനുവരിയിൽ മാത്രം നടന്നത് 42 വിദ്വേഷ കുറ്റകൃത്യങ്ങൾ

ഹൈദരാബാദ്: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. 2026 ജനുവരിയിൽ മാത്രം മുസ്‍ലിം, ദലിത്, ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ 42 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ആഴ്ചയിൽ ചുരുങ്ങിയത് പത്ത് ആക്രമ സംഭവങ്ങളെങ്കിലും നടക്കുന്നുണ്ട്.

അസം മുതൽ കർണാടക വരെയും, ഒഡീഷ മുതൽ ഉത്തരാഖണ്ഡ് വരെയുമുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ പ്രധാനമായും നടക്കുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്നവർ പോലും വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടക്കമുള്ളവർ ഇതിൽ സജീവ പങ്കാളികളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ

സൗഹൃദത്തിന്റേയും സാഹോദര്യത്തിന്റേയും നഗരമായ ഹൈദരാബാദിലും വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി 14ന് മൈസമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർക്കപ്പെട്ടെന്ന വാർത്തയെത്തുടർന്ന് പുരാനാപുൽ ദർവാസയിൽ വർഗീയ സംഘർഷമുണ്ടായി. ശേഷം ജനുവരി 24ന് ബാലാപൂരിൽ നടന്ന ‘ധർമ രക്ഷാ സഭ’യിൽ മുസ്‍ലിം വിരുദ്ധ പ്രസംഗം നടത്തിയതിന് ചില്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന പൂജാരിയുൾപ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിദ്വേഷ സംഘർഷത്തിനും പ്രസംഗത്തിനും പുറമേ മുസ്‍ലിംകളെ വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ എസ്.ഐ.ആറിന്റെ മറപിടിച്ച് മുസ്‍ലിം വോട്ടർമാരെ ആസൂത്രിതമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതും ജമാൽപൂർ മണ്ഡലത്തിൽ നൂറുകണക്കിന് മുസ്‍ലിം വോട്ടർമാരെ മരിച്ചവരായി രേഖപ്പെടുത്തി പട്ടികയിൽ നിന്ന് നീക്കം ചെയ്തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജനുവരി 21ന് നടന്ന വിരാട് ഹിന്ദു സമ്മേളനത്തിൽ മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വംശഹത്യ ആഹ്വാനങ്ങൾ ഉയർന്നിരുന്നു. ‘അവർ നിങ്ങളിൽ രണ്ടുപേരെ കൊന്നാൽ പകരം 100 പേരെ കൊല്ലണം’ എന്ന് തീവ്ര ഹിന്ദുത്വ പ്രഭാഷകയായ റിദ്ധിമ ശർമ പ്രസംഗിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെയാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ഡിസംബറിൽ ട്രെൻഡായി മാറിയ, കശ്മീർ മുസ്‍ലിംകൾക്കെതിരെയുള്ള ആക്രമണം പുതുവർഷത്തിൽ പതിവ് തെറ്റിക്കാതെ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഡെറാഡൂണിൽ 17കാരനായ കശ്മീരി വിദ്യാർഥിയെ കടയുടമ ക്രൂരമായി മർദിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ വിദ്വേഷ പ്രസംഗങ്ങളാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിട്ടുണ്ട്.

മതചിഹ്നങ്ങൾക്ക് നേരെയുള്ള ആക്രമണം

ഉത്തരാഖണ്ഡിലെ മുസ്സൂറിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സയ്യിദ് ബാബ ബുല്ലേഷാ ദർഗ അടിച്ചുതകർത്തിരുന്നു. അതോടൊപ്പം ഉത്തർപ്രദേശിലെ ദിയോറിയയിൽ സയ്യിദ് അബ്ദുൽ ഗാനി ഷാ ബാബയുടെ ദർഗയും ബുൾഡോസർ ഉപയോഗിച്ച് അധികൃതർ പൊളിച്ചുനീക്കി. മതപരമായ സ്ഥലങ്ങൾക്ക് നേരെയുള്ള ബുൾഡോസർ രാജും ക്രമാതീതമായി വർധിച്ചിട്ടുണ്ട്.

ബംഗ്ലാദേശി മുദ്രകുത്തൽ

അസമിൽ ബംഗാളി സംസാരിക്കുന്ന മുസ്‍ലിംകളെ ‘മിയാ’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും അവരെ പുറത്താക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തതിൽ മുഖ്യപങ്ക് വഹിച്ചത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ്. ഇതിന്റെ തുടർച്ചയെന്നോണം കർണാടകയിലും ബിഹാറിലും അതിഥി തൊഴിലാളികളെ ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് ക്രൂരമായി മർദിച്ചു. ബിഹാറിൽ മുസ്‍ലിം തൊഴിലാളിയെക്കൊണ്ട് നിർബന്ധിതമായി ‘ജയ് ശ്രീറാം’ വിളിപ്പിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദലിത് - ക്രൈസ്തവ പീഡനങ്ങൾ

തെലങ്കാനയിൽ ജാതിയുടെ പേരിൽ വിവാഹത്തിൽനിന്ന് കാമുകൻ പിന്മാറിയതിനെത്തുടർന്ന് ദലിത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തതും ബറേലിയിൽ 16കാരനായ ദലിത് ബാലനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചതും ദലിതർക്ക് നേരെയുള്ള ആക്രമമായിരുന്നു. ഇതോടൊപ്പം ക്രൈസ്തവർക്കും പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട്. മതം മാറ്റം ആരോപിച്ച് ഒഡീഷയിൽ ക്രൈസ്തവ പുരോഹിതനായ ബിപിൻ ബിഹാരി നായിക്കിനെ ചെരുപ്പ് മാല അണിയിച്ച് ചാണകം തീറ്റിച്ചു. പള്ളിയിൽ പ്രാർഥന തടസ്സപ്പെടുത്തുകയും വിശ്വാസികളെ മർദിക്കുകയും ചെയ്തു.

പ്രതീക്ഷയായി ‘മുഹമ്മദ് ദീപക്’

വെറുപ്പിന്റെ ഈ കാലത്തും നന്മയുടെ മാതൃകയാണ് ഉത്തരാഖണ്ഡിലെ ദീപക് കുമാർ. ജനുവരി 26ന് മുസ്‍ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരെ നേരിട്ട അദ്ദേഹത്തോട് പേര് ചോദിച്ചപ്പോൾ ‘ഞാൻ മുഹമ്മദ് ദീപക് ആണ്’ എന്ന് പ്രഖ്യാപിച്ചതുമെല്ലാം പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇതിനെത്തുടർന്ന് വലിയ ഭീഷണികളും ബഹിഷ്‌കരണങ്ങളും ദീപക്കിന് നേരിടേണ്ടി വന്നെങ്കിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പൊതുസമൂഹവും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നു.

Tags:    
News Summary - India saw 42 hate crimes against minorities in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.