menaka guruswamy

ഇന്ത്യയുടെ ആദ്യ എൽ.ജി.ബി.ടി.ക്യൂ എം.പിയാകാൻ മേനക ഗുരുസ്വാമി; സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്ത് തൃണമൂൽ കോൺഗ്രസ്

കൽക്കത്ത: ഇന്ത്യയിലെ ആദ്യത്തെ എൽ.ജി.ബി.ടി.ക്യു എം.പിയായി മേനക ഗുരുസ്വാമിയെ നാമനിർദ്ദേശം ചെയ്ത് തൃണമൂൽ കോൺഗ്രസ്.

നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ് മേനക ഗുരുസ്വാമി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയിലെ ആദ്യത്തെ എൽ.ജി.ബി.ടി.ക്യു അംഗമായിരിക്കും ഇവർ.

വെള്ളിയാഴ്ചയാണ് മന്ത്രി ബാബുൽ സുപ്രിയോ, മുൻ പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാർ, നടൻ കോയൽ മല്ലിക് എന്നിവർക്കൊപ്പം മേനക ഗുരുസ്വാമിയും ഉൽപ്പെടുന്ന സ്ഥാനാർത്ഥിത്വ പട്ടികപ്രഖ്യാപനം പാർട്ടി നടത്തിയത്.

ഇവരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവർക്ക് ഞങ്ങളുടെ ഹൃദയംഗമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് ടിഎംസി പറഞ്ഞു.

2018 ൽ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രീം കോടതി വിധിയിലേക്ക് നയിച്ച ഭരണഘടനാ നിയമത്തിൽ ഗുരുസ്വാമിയുടെ പങ്ക് വലുതാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 റദ്ദാക്കിയ കേസിൽ വാദിച്ച അഭിഭാഷകരിൽ ഒരാളായിരുന്നു അവർ.

ഉപരിസഭയിലേക്കുള്ള അവരുടെ നാമനിർദ്ദേശം എൽ.ജി.ബി.ടി.ക്യു അവകാശങ്ങൾക്കു കൂടുതൽ കരുത്തേകുമെന്ന പ്രതീക്ഷ നൽകുന്നു.

നിയമ ജീവിതം

1997-ൽ മുൻ അറ്റോർണി ജനറൽ അശോക് ദേശായിയുടെ കീഴിൽ മേനക ഗുരുസ്വാമി നിയമ ജീവിതം ആരംഭിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സിവിൽ നിയമത്തിൽ ബിരുദവും (ബി.സി.എൽ) ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കിയ ശേഷം, ന്യൂയോർക്കിലെ അന്താരാഷ്ട്ര നിയമ സ്ഥാപനമായ ഡേവിസ് പോൾക്ക് & വാർഡ്‌വെല്ലിൽ ജോലി ചെയ്തു. ശേഷം ഇന്ത്യയിലേക്ക് മടങ്ങി.

2019-ൽ, ഫോറിൻ പോളിസി മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഗുരുസ്വാമി ഇടം നേടി. അതേ വർഷം, അവരും പങ്കാളിയായും അഭിഭാഷകയുമായ അരുന്ധതി കട്ജുവും ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിലും ഇടം പിടിച്ചു.

ഓക്സ്ഫോർഡിലെ റോഡ്സ് ഹൗസിലെ മിൽനർ ഹാളിൽ അവരുടെ ഛായാചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ആ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയും രണ്ടാമത്തെ വനിതയുമാണ് ഗുരുസ്വാമി.

2026 മാർച്ച് 16 നാണ് പശ്ചിമ ബംഗാൾ ഉൾപ്പടെ വിവധ സംസ്ഥാനങ്ങളിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുക.

Tags:    
News Summary - Menaka Guruswamy could be India’s 1st LGBTQ MP as TMC nominates her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.