ദേവേന്ദ്ര ഫഡ്നാവിസ്

മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തില്ല: ഐ.എ.എസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ (എം.പി.സി.ബി) സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം. ദേവേന്ദർ സിങ്ങിനെ സർക്കാർ സസ്പെൻഡ് ചെയ്തു. 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബോർഡിലെ ജോയിന്റ് ഡയറക്ടറായ സതീഷ് പദ്‌വാലിനും സസ്പെൻഷനുണ്ട്.

ഫെബ്രുവരി 26ന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൾ മലിനീകരണത്തെക്കുറിച്ച് സർക്കാർ ചർച്ച സംഘടിപ്പിച്ചിരുന്നു. ഇതിന് മറുപടി നൽകേണ്ടിയിരുന്ന സംസ്ഥാന പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് സഭയെ അറിയിച്ചതോടെയാണ് പ്രശ്നം ഗൗരവമായത്. വിഷയം പഠിക്കുന്നതിനായി മന്ത്രി വിളിച്ചുചേർത്ത യോഗങ്ങളിൽ ദേവേന്ദർ സിങ്ങും സതീഷ് പദ്‌വാലും പങ്കെടുത്തില്ല.

പലതവണ ഓർമ്മിപ്പിച്ചിട്ടും യോഗത്തിന് എത്തിയില്ലെന്ന് മാത്രമല്ല, താൻ വരില്ലെന്ന് ഉദ്യോഗസ്ഥൻ സന്ദേശം അയച്ചതായും മന്ത്രി വെളിപ്പെടുത്തി. ഇതുമൂലം കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ സഭയിൽ വിശദമായ മറുപടി നൽകാൻ തനിക്ക് സാധിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഈ നിലപാട് നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കർ ദിലീപ് ലാൻഡെ പറഞ്ഞു. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു. 'ബ്യൂറോക്രാറ്റുകൾ ജനപ്രതിനിധികളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം ജനാധിപത്യത്തിന് എതിരും ഭരണഘടനയോടുള്ള അവഹേളനവുമാണ്' എന്ന് ബി.ജെ.പി നേതാവ് സുധീർ മുൻഗന്തിവാർ പറഞ്ഞു.

സ്പീക്കറുടെ നിർദ്ദേശത്തെത്തുടർന്ന് 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ സർക്കാർ സസ്പെൻഷൻ ഉത്തരവിറക്കി. ദേവേന്ദർ സിങ്ങിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ മുംബൈ വിട്ടുപോകാൻ പാടില്ലെന്നും മറ്റ് ജോലികളിൽ ഏർപ്പെടരുതെന്നും കർശന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്. ഇതോടെ ജനപ്രതിനിധികളോടുള്ള ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags:    
News Summary - IAS officer suspended for not attending CM's meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.