ബാരാമതി വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ

അജിത് പവാറിന്റെ മരണം: ബാരാമതി വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

ബാരാമതി: മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട്. അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.

അപകടസമയത്ത് വിമാനത്താവളത്തിൽ കാഴ്ചപരിധി (Visibility) വെറും 3 കിലോമീറ്റർ മാത്രമായിരുന്നു. കുറഞ്ഞ കാഴ്ചപരിധിയും ലാൻഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാർ പരിഭ്രാന്തരായി സംസാരിക്കുന്നത് കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ (സി.വി.ആർ) പതിഞ്ഞിട്ടുണ്ട്.

തീപിടിത്തത്തിൽ വോയ്‌സ് റെക്കോർഡറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി നിർമാതാക്കളായ ഹണിവെല്ലിന്റെയും അമേരിക്കയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെയും (എൻ.ടി.എസ്.ബി) സഹായം തേടിയിട്ടുണ്ട്. വി.ഐ.പി, സ്വകാര്യ ചാർട്ടർ വിമാനങ്ങൾ അധികമായി എത്തുന്ന ഇത്തരം വിമാനത്താവളങ്ങളിൽ ലാൻഡിങ് എയ്ഡുകളും മെറ്റീരിയോളജിക്കൽ സംവിധാനങ്ങളും അടിയന്തരമായി വർധിപ്പിക്കണമെന്ന് ഡി.ജി.സി.എക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2026 ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അജിത് പവാർ സഞ്ചരിച്ചിരുന്ന ചാർട്ടർ വിമാനം തകർന്നുവീണത്. അപകടത്തിൽ അജിത് പവാറിനെ കൂടാതെ രണ്ട് പൈലറ്റുമാരും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. രണ്ടാം തവണയും ലാൻഡിങ് ശ്രമത്തിനിടെയാണ് വിമാനം തകർന്ന് തീപിടിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും വിമാനത്തിന്റെ അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനക്കായി മാറ്റിയതായും എ.എ.ഐ.ബി അറിയിച്ചു.

Tags:    
News Summary - Ajit Pawar's death: Investigation report says security lapse at Baramati airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.