ദാഭോൽക്കർ വധം: സനാതൻ സൻസ്ത പ്രവർത്തകർക്കെതിരെ കുറ്റം ചുമത്തി

മുംബൈ: പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ. നരേന്ദ്ര ദാഭോൽക്കറെ കൊലപ്പെടുത്തിയ കേസിൽ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സനസ്ത പ്രവർത്തകരായ അഞ്ചുപേർക്കെതിരെ പുണെയിലെ സി.ബി.ഐ കോടതി കുറ്റംചുമത്തി. കൊലപാതകം, ഗൂഢാലോചന എന്നിവക്ക് ഐ.പി.സി പ്രകാരവും ഭീകരവാദ പ്രവർത്തനത്തിന് യു.എ.പി.എയിലെ 16 ആം വകുപ്പും ആയുധ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രത്യേക ജഡ്ജി എസ്.ആർ നവന്ദർ കുറ്റം ചുമത്തിയത്.

മുഖ്യപ്രതി വിരേന്ദ്ര താവ്ടഡെ, ഷൂട്ടർമാരായ സച്ചിൻ അന്ദുരെ, ശരദ് കലസ്‌കർ, ഇവരുടെ സഹായി വിക്രം ഭാവെ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സനാതൻ സൻസ്ത അഭിഭാഷകൻ സഞ്ജീവ് പുനലേക്കർക്കെതിരെ തെളിവ് നശിപ്പിച്ചതിനും കുറ്റം ചുമത്തി. കുറ്റങ്ങൾ കോടതി മുമ്പാകെ പ്രതികൾ നിഷേധിച്ചു.

ദാഭോൽക്കർ കൊല്ലപ്പെട്ട് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കുറ്റം ചുമത്തുന്നത്. 2013 ആഗസ്റ്റ് 20ന് പുണെയിൽ പ്രഭാതസവാരിക്കിടെയാണ് ദാഭോൽകർ വെടിയേറ്റ് മരിച്ചത്. നിലവിൽ ഔറംഗാബാദ് ജയിലിൽ കഴിയുന്ന സച്ചിൻ അന്ദുരെയേയും മുംബൈ ജയിലിൽ കഴിയുന്ന ശരദ് കലസ്‌കറെയേയും വിചാരണ നടപടികളുടെ ഭാഗമായി പുണെ യേർവാദ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. വീരേന്ദ്ര താവ്ഡെ യേർവാദ ജയിലിലാണുള്ളത്.

മൂവരും വീഡിയോ കോൺഫറൻസ് വഴിയാണ് ബുധനാഴ്ച കോടതി നടപടികൾക്ക് ഹാജറായത്. ജാമ്യത്തിൽ കഴിയുന്ന ശേഷിച്ച രണ്ടു പ്രതികൾ കോടതിയിൽ നേരിട്ടെത്തി.

Tags:    
News Summary - Sanatan Sanstha activists charged in Narendra Dabholkar murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.