കൂൺ ബിരിയാണി തമിഴ്നാട് സ്റ്റൈൽ, കൂടെ കല്ലുപ്പിട്ട് രാഹുൽ ഉണ്ടാക്കിയ സാലഡും, വിഡിയോ വൈറൽ


ന്യൂഡൽഹി: തമിഴ്‌നാട്ടിലെ യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ഒരു വിശിഷ്ടനായ അതിഥിയെ കിട്ടി. മറ്റാരുമല്ല, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽഗാന്ധി.

സംഘത്തിന് ഒപ്പം കൂൺ ബിരിയാണി ആസ്വദിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേർത്ത് രാഹുൽ സാലഡ് ഉണ്ടാക്കുകയും ചെയ്യുന്ന വീഡിയോ ഒരു ദിവസത്തിനുള്ളിൽ 24 ലക്ഷത്തിലേറെ പേരാണ് കണ്ടത്.

നീല ടീ ഷർട്ടും പാന്‍റും ധരിച്ചാണ് രാഹുൽ വില്ലേജ് കുക്കിങ്ങിന് എത്തിയത്. കൂൺ ബിരിയാണി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അപ്പോൾ സംഘം. എന്നാൽ രാഹുലും വിട്ടുകൊടുത്തില്ല. ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് ഉണ്ടാക്കി സംഘത്തേയും പ്രേക്ഷകരേയും രാഹുൽ ഞെട്ടിച്ചു. താൻ വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി. സാലഡ് ഉണ്ടാക്കുന്നതിനിടെ ഉപ്പ് പാകമാണോ എന്നെല്ലാം ഇടക്കിടെ പരിശോധിക്കുന്നുണ്ട് രാഹുൽ.

മറ്റ് രാജ്യങ്ങളിൽ പോയി പാചകം ചെയ്യുന്ന എന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. അമേരിക്കയിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സംഘത്തോട് തന്‍റെ സുഹൃത്ത് സാം പിട്രോഡയോട് പറഞ്ഞ് അതിനുള്ള ഏർപ്പാടുകൾ ചെയ്തുതരാമെന്ന വാഗ്ദാനവും രാഹുൽ നൽകി.

പിന്നീട് നിലത്തു വിരിച്ച പായയിൽ ഇരുന്ന് ഗ്രാമീണർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിരിയാണി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 'നല്ല ഇരുക്ക്' എന്ന തമിഴിൽ രാഹുൽ മറുപടി നൽകുന്നുണ്ട്.

Full View


7.15 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഫുഡ് യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ. രാഹുലിന്റെ വീഡിയോ ഒരു മണിക്കൂറിന് അകം നാലര ലക്ഷത്തിലേറെ പേരാണ് കണ്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.