ഭോപാൽ: പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിയെ സാരമായി ബാധിച്ചെന്ന് ആശങ്കപ്പെട്ട് മില്ലുടമകളും കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവരും. യുദ്ധം തുടരുന്നത് മേഖലയുടെ തകർച്ചക്ക് വഴിയൊരുക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് അടക്കം വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ അരി കയറ്റുമതിയിൽ വലിയ പങ്കും മധ്യപ്രദേശിൽനിന്നാണ്. ബസ്മതി അടക്കം എല്ലാതരം അരിയും ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. മധ്യപ്രദേശിലെ റെയ്സൺ, ബാലഘട്ട് ജില്ലകളിൽനിന്നുള്ള അരിക്ക് വിദേശ രാജ്യങ്ങളിൽ ആവശ്യക്കാർ ഏറെയാണ്.
ഇവിടെനിന്ന് കയറ്റിയയച്ച അരി തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണെന്ന് ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജയ് ഭലോട്ടിയ പറഞ്ഞു. ചെലവ് 30 ശതമാനത്തിലേറെ വർധിച്ചതും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും കയറ്റുമതി വ്യവസായത്തെ ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
റെയ്‌സൻ ജില്ലയിലെ മന്ദിദീപ്, സത്‌ലാപുർ, ഉബെദുല്ലഗഞ്ച്, റെയ്‌സൻ, ബറേലി, ഉദയ്‌പുര, ഉമ്രാവോഗഞ്ച് പ്രദേശങ്ങളിൽ രണ്ട് ഡസനിലേറെ അരി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇറാൻ, ഇറാഖ്, സൗദി അറേബ്യ, ജോർഡൻ, ദുബൈ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉയർന്ന നിലവാരമുള്ള ബസ്മതി അരി കയറ്റുമതി ചെയ്യുന്നതെന്നും അജയ് ഭലോട്ടിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.