തുമകുരു: മേലുദ്യോഗസ്ഥന്റെ പീഡനത്തെത്തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചു. പാവഗഡ സാമൂഹികക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായ മല്ലികാർജുൻ ആണ് മരിച്ചത്. വിരമിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ആത്മഹത്യ ചെയ്തത്. കർണാടകയിലെ തുമകുരു ജില്ലയിലെ പാവഗഡയിലാണ് സംഭവം. തന്റെ മരണത്തിന്റെ പൂർണ ഉത്തരവാദി ജില്ല ഡയറക്ടറായ കൃഷ്ണപ്പയാണെന്ന് ആത്മഹത്യക്ക് മുമ്പ് സഹപ്രവർത്തകർക്ക് അയച്ച വിഡിയോയിൽ മല്ലികാർജുൻ വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകുന്നേരമാണ് പാവഗഡയിലെ അപ്പ ബന്ദെ ഏരിയയിലുള്ള ഓഫിസിനുള്ളിൽ മല്ലികാർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വൈകാരികമായ വിഡിയോയിൽ, കൃഷ്ണപ്പയിൽ നിന്നുള്ള നിരന്തരമായ പീഡനമാണ് തന്നെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. "ദൈവം അയാളെ ശിക്ഷിക്കും, നിയമവും ദൈവവും അയാൾക്ക് അർഹമായത് നൽകും," വിഡിയോയിൽ അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തെക്കുറിച്ചുള്ള സങ്കടവും വിഡിയോയിൽ മല്ലികാർജുൻ പങ്കുവെക്കുന്നുണ്ട്. "എന്റെ അമ്മയും ഭാര്യയും മക്കളും എന്നെ നന്നായി നോക്കി. എനിക്ക് അവരെ ഒരുപാട് സഹായിക്കണമെന്നുണ്ടായിരുന്നു, പക്ഷേ അതിന് കഴിയുന്നില്ല. തന്റെ മരണത്തിന് കാരണക്കാരനായ വ്യക്തിയുടെ കുടുംബത്തോട് പ്രതികാരം ചെയ്യരുത്, കാരണം അവർ നിരപരാധികളാണ്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പാവഗഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഡിയോ സന്ദേശം തെളിവായി സ്വീകരിച്ച പൊലീസ്, കുറ്റാരോപിതനായ കൃഷ്ണപ്പയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. ഒരു സർക്കാർ ഓഫിസിനുള്ളിൽ തന്നെ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത് കർണാടകയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.