ദുബൈ: യു.എ.ഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി ഇന്ത്യ സന്ദർശിച്ചു. ന്യൂഡൽഹിയിലെത്തിയ അവർ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, വിദേശകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിക്രം മിസ്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്‌തതോടൊപ്പം, പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളും ഇറാന്റെ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഉണ്ടായ ആഘാതങ്ങളും അവലോകനം ചെയ്തു. ആഗോള സാമ്പത്തിക മേഖലയിലും ഊർജ വിതരണ സുരക്ഷയിലും ആക്രമണങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ചർച്ചയിൽ വിഷയമായി.
ഹുർമുസ് കടലിടുക്കിൽ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ചയിൽ ഉന്നയിച്ചു. ആഗോള ഊർജ വിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമായ ഈ കടൽപാതയിൽ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി. യു.എ.ഇക്കും മേഖലയിലെ മറ്റു രാജ്യങ്ങൾക്കും നേരെയുണ്ടാകുന്ന ഇറാൻ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭ ചാർട്ടറിന്‍റെയും ഗുരുതരമായ ലംഘനമാണെന്ന് റീം അൽ ഹാശിമി പറഞ്ഞു. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിനെതിരായ കടുത്ത വെല്ലുവിളിയാണെന്നും ആഗോള വ്യാപാരത്തെയും സമുദ്ര ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ യു.എ.ഇ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും സ്വയം പ്രതിരോധത്തിനുള്ള പൂർണ അവകാശമുണ്ടെന്നും വ്യക്തമാക്കി.
ഇറാന്റെ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് 136 രാജ്യങ്ങൾ പിന്തുണച്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയവും, 115ലധികം രാജ്യങ്ങൾ പിന്തുണച്ച അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പ്രമേയവും അൽ ഹാശിമി ചർച്ചയിൽ പരാമർശിച്ചു. ഈ പ്രമേയങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ഏകോപിത നിലപാട് വ്യക്തമാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.