നരേന്ദ്ര മോദി ‘ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരൻ’ ബി.ജെ.പി ‘വിശ്വാസവഞ്ചകരുടെ പാർട്ടി’; രൂക്ഷവിമർശനവുമായി മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തെ ഏറ്റവും വലിയ 'നുഴഞ്ഞുകയറ്റക്കാരൻ' രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയാണെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു. കൊൽക്കത്തയിലെ റെഡ് റോഡിൽ സംഘടിപ്പിച്ച ഈദ് പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ ഈ പ്രസ്താവന.

ബംഗാളിലെ ജനസമൂഹത്തിന്റെ വോട്ടവകാശം സംരക്ഷിക്കാൻ താൻ ഏത് അറ്റം വരെ പോകാനും തയാറാണെന്ന് മമത വ്യക്തമാക്കി.

"ബി.ജെ.പിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ... മോദിയും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളുമാണ് ഇന്ത്യയിലെ യഥാർഥ നുഴഞ്ഞുകയറ്റക്കാർ. ബംഗാളിനെ ലക്ഷ്യംവെക്കുന്നവർക്ക് നരകത്തിലായിരിക്കും സ്ഥാനം. പൗരത്വവുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കെതിരെ താൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. യഥാർഥ വോട്ടർമാരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ മോദിയെയോ ബി.ജെ.പിയെയോ അനുവദിക്കില്ല," -മമത പറഞ്ഞു.

ബി.ജെ.പിയെ 'വിശ്വാസവഞ്ചകരുടെ പാർട്ടി' എന്നും വിശേഷിപ്പിച്ച മമത, രാജ്യത്തിന്റെ നയതന്ത്ര നിലപാടുകളിൽ പ്രധാനമന്ത്രി കാണിക്കുന്ന ഇരട്ടത്താപ്പിനെയും കടന്നാക്രമിച്ചു. ഇന്ത്യയിലായിരിക്കുമ്പോൾ ഹിന്ദു-മുസ് ലിം വിഭജന രാഷ്ട്രീയം സംസാരിക്കുകയും, വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ മറ്റ് നേതാക്കളുമായി സൗഹൃദം പങ്കിടുകയും ചെയ്യുന്ന രീതിയാണ് മോദിയുടേതെന്ന് അവർ കുറ്റപ്പെടുത്തി. തനിക്ക് എല്ലാ രാജ്യങ്ങളോടും ബഹുമാനമുണ്ടെന്നും എന്നാൽ സ്വന്തം നാട്ടിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നീക്കത്തെ അംഗീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തുടർന്ന്, മമതയുടെ ഈ പ്രസ്താവനക്കെതിരെ മാനസികനില തെറ്റിയെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. ബംഗാളിലെ നുഴഞ്ഞുകയറ്റം ബി.ജെ.പി പ്രധാന തെരെഞ്ഞെടുപ്പ് ആയുധമാക്കുന്നതിനിടെയാണ് മമതയുടെ ഈ ശക്തമായ തിരിച്ചടി.

Tags:    
News Summary - Narendra Modi is the 'biggest infiltrator', BJP is the 'party of traitors'; Mamata Banerjee sharply criticizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.