പ്രമേഹരോഗികൾ ജാഗ്രതൈ! പകുതി പേർക്കും 'ഫാറ്റി പാൻക്രിയാസ്'; ഞെട്ടിക്കുന്ന കണ്ടെത്തലുമായി പഠനം

ടൈപ്പ്-2 പ്രമേഹബാധിതരിൽ പകുതിയിലധികം പേരും സങ്കീർണമായ 'ഫാറ്റി പാൻക്രിയാസ്' എന്ന രോഗാവസ്ഥയിലാണെന്ന് പുതിയ പഠനം. പാൻക്രിയാസിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ അവസ്ഥ പ്രമേഹരോഗികളിൽ 54 ശതമാനത്തോളം വരുമെന്നാണ് 'ഡയബറ്റിസ് റിസർച്ച് ആൻഡ് ക്ലിനിക്കൽ പ്രാക്ടീസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022-ൽ 18 വയസ്സിന് മുകളിലുള്ളവരിൽ 14 ശതമാനം പേരും പ്രമേഹബാധിതരാണ്. ഇന്ത്യയിൽ മാത്രം 10 കോടിയിലധികം ആളുകൾ ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നു എന്ന ഐ.സി.എം.ആർ റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ കണ്ടെത്തൽ അതീവ ഗൗരവം അർഹിക്കുന്നത്.

പാൻക്രിയാറ്റിക് കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ പാൻക്രിയാസിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും പാൻക്രിയാറ്റൈറ്റിസ്, പാൻക്രിയാറ്റിക് കാൻസർ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. 6,300ലധികം പ്രമേഹരോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളിൽ ഈ നിരക്ക് നേരിയ തോതിൽ കുറവാണെങ്കിലും ഇന്ത്യയിലെ ഉയർന്ന പ്രമേഹ നിരക്ക് കണക്കിലെടുക്കുമ്പോൾ ഇത് വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കാനിടയുണ്ട്.

അമിതവണ്ണം, പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പ് ആണ് ഫാറ്റി പാൻക്രിയാസിന്റെ പ്രധാന കാരണം. ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർ’മ, കൊഴുപ്പുകൂടിയ ഭക്ഷണരീതി എന്നിവയും ഇതിലേക്ക് നയിക്കുന്നു. ലഹരി ഉപയോഗവും ചില മരുന്നുകളുടെ പാർശ്വഫലങ്ങളും അവസ്ഥ വഷളാക്കിയേക്കാം. പുരുഷന്മാരിലും പ്രായമായവരിലുമാണ് ഈ രോഗാവസ്ഥ കൂടുതൽ കാണപ്പെടുന്നത്. പാൻക്രിയാസിലെ കൊഴുപ്പ് കുറക്കാനായി നാരുകൾ അടങ്ങിയ പയർവർഗങ്ങൾ, റാഗി, ചോളം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും മധുരവും എണ്ണപ്പലഹാരങ്ങളും ഒഴിവാക്കുകയും വേണം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും ശരീരഭാരം 5-10 ശതമാനം കുറക്കുന്നതും പാൻക്രിയാസിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും.

Tags:    
News Summary - Diabetics beware! Half of people have 'fatty pancreas'; Study reveals shocking findings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.