മുംബൈയിൽ വീണ്ടും ബുൾഡോസർ രാജ്; നിയമവിരുദ്ധമെന്ന് ആരോപിച്ച് ദർഗ പൊളിച്ചുനീക്കി, നടപടി ബി.ജെ.പി നേതാവിന്റെ പരാതിയിൽ

മുംബൈ: മുംബൈയിൽ വീണ്ടും ബുൾഡോസർ രാജ്, ആരെ കോളനിയിലെ സർക്കാർ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ദർഗ പൊളിച്ചുനീക്കി. ഹസ്രത്ത് സയ്യിദ് ബർകത്ത് അലി ഷാ ബാബ ദർഗയാണ് അധികൃതർ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ പൊളിച്ചുനീക്കിയത്.

ബി.ജെ.പി നേതാവും മുൻ എം.പിയുമായ കിരിത് സോമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദർഗ പൊളിച്ചുനീക്കിയതിന് പിന്നാലെ സോമയ്യ എക്സിൽ കുറിപ്പിട്ടു. 'ഭൂമി ജിഹാദ്... മുംബൈയിലെ ആരെ കോളനിയിലെ നിയമവിരുദ്ധ ദർഗ ഇന്ന് പൊളിച്ചുമാറ്റി. ഞാൻ 2026 ഏപ്രിൽ ഒമ്പതിന് സന്ദർശിച്ച് പരാതി നൽകിയിരുന്നു' എന്നായിരുന്നു എക്‌സിലെ കുറിപ്പ്.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നടപടി. ദർഗ ട്രസ്റ്റ് കമ്മിറ്റിക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി നൽകിയില്ലെന്നും തുടർന്നാണ് നടപടി സ്വീകരിച്ചതെന്നുമാണ് നഗരസഭ അധികൃതരുടെ വാദം. നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ ദർഗ പൊളിച്ചുനീക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം 70,000 ചതുരശ്ര അടി ഭൂമി കൈയേറിയെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.

ഡയറി ഡെവലപ്‌മെന്റ് വകുപ്പിന്‍റെ കൈയിലുള്ള ഭൂമി, നഗരത്തിലെ സംരക്ഷിത ഗ്രീൻ സോൺ മേഖലയിൽ ഉൾപ്പെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. അടുത്തിടെ മുംബൈ ബാന്ദ്ര ഈസ്റ്റിലെ ഗരീബ് നഗർ ചേരി പ്രദേശത്ത് മസ്ജിദും പരിസരത്തെ നൂറുകണക്കിന് വീടുകളും റെയിൽവേ അധികൃതർ പൊളിച്ചുനീക്കിയത് വൻ സംഘർഷത്തിനിടയാക്കിയിരുന്നു. മുൻകൂട്ടി നോട്ടീസോ അറിയിപ്പോ നൽകാതെയാണ് അധികൃതർ നടപടിയെടുത്തതെന്ന് ആരോപിച്ച് വൻതോതിൽ മുസ്‍ലിം ജനവിഭാഗങ്ങൾ സംഭവസ്ഥലത്ത് തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു.

Tags:    
News Summary - Bulldozer raj again in Mumbai; Dargah demolished on charges of illegality, action taken on complaint of BJP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.