ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല

ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവിക്കുവേണ്ടി നാഷണൽ കോൺഫറൻസ് ഡൽഹിയിലേക്ക്; നാളെ പ്രതിഷേധ പരിപാടി

ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ ജമ്മു-കശ്മീർ നാഷണൽ കോൺഫറൻസ് പ്രതിഷേധവുമായി ഡൽഹിയിലേക്ക്. കശ്മീർ വിഷയം ദേശീയതലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ജന്തർ മന്തറിൽ തിങ്കളാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

2024ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കശ്മീരിൽ അധികാരത്തിലെത്തിയ നാഷണൽ കോൺഫറൻസ്, പൂർണ സംസ്ഥാന പദവി ആവശ്യം പലതലത്തിലായി ഉന്നയിച്ചെങ്കിലും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ്, ബി.ജെ.പിയുടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്, കശ്മീരിന് സംസ്ഥാനപദവി തിരിച്ചുനൽകു​മെന്നതായിരുന്നു. കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തതാണ്.

2019 ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370ന്റെ വ്യവസ്ഥകൾ റദ്ദാക്കിയതോടെയാണ് ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശമായി മാറിയത്. ജമ്മു-കശ്മീർ സംസ്ഥാനത്തെ ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. നിലവിൽ ജമ്മു-കശ്മീരിന് നിയമസഭയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും ഉണ്ടെങ്കിലും പ്രധാന അധികാരങ്ങൾ പലതും ഇപ്പോഴും ലഫ്റ്റനന്റ് ഗവർണറുടെ കീഴിലാണ്.

സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ അധികാരം ശക്തിപ്പെടുത്താനും ഭരണ കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് നാഷണൽ കോൺഫറൻസ് വാദിക്കുന്നു. അതേസമയം, ജന്തർ മന്തറിലെ പ്രതിഷേധ പരിപാടിക്ക് എത്രത്തോളം ജനപങ്കാളിത്തം ഉണ്ടാകുമെന്നതിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

വലിയ ജനപങ്കാളിത്തം ലഭിച്ചാൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ ജനങ്ങളുടെ പൊതുവായ ജനാധിപത്യ ആവശ്യമാണെന്ന് ഉയർത്തിക്കാട്ടാൻ കഴിയും. എന്നാൽ, പ്രതികരണം പരിമിതമായാൽ, ഈ വിഷയം ശക്തമായ ജനകീയ പ്രസ്ഥാനമായി വളർന്നിട്ടില്ലെന്ന വിമർശനങ്ങൾക്ക് ഇടയാക്കും.

ഒരു ദിവസത്തെ പ്രതിഷേധത്തിന് ശേഷം തുടർച്ചയായ രാഷ്ട്രീയ ഇടപെടലുകളും ജനപങ്കാളിത്തവും വ്യക്തമായ പ്രവർത്തന പദ്ധതിയും ആവശ്യമാണെന്നാണ് പാർട്ടി വൈസ് പ്രസിഡന്റും ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ലയുടെ കണക്കുകൂട്ടൽ. എന്നാൽ, ഇക്കാര്യത്തിൽ മുമ്പ് നൽകിയ ഉറപ്പ് നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ കാലതാമസം വരുത്തുകയാണെന്നും അദ്ദേഹം പറയുന്നു.

Tags:    
News Summary - Omar’s Statehood Campaign Moves to Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.