അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ താൽക്കാലിക പടക്കനിർമാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. പരിക്കേറ്റ 15 പേരെ സമീപത്തെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. റാമോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ റാമോൾ-ഗാത്രാഡ് റോഡ് കനാലിന് സമീപമുള്ള പടക്ക നിർമാണ യൂണിറ്റിലാണ് ദുരന്തമുണ്ടായത്.
ലൈസൻസില്ലാതെയായിരുന്നു പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്നത്. തുറസ്സായ ഒരു കൃഷിയിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയുടെ ലൈസൻസ് നേരത്തെ അധികൃതർ റദ്ദാക്കിയിരുന്നു. വിലക്ക് ലംഘിച്ചാണ് ഇവിടെ പടക്ക നിർമാണം തുടർന്നിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി ഉടമ മഹുൽ ദോദിയയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ശക്തമായ സ്ഫോടന ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന റാപ്പിഡ് ആക്ഷൻ ഫോഴ്സ് സംഘവും അഞ്ച് ഫയർ എഞ്ചിനുകളും ആംബുലൻസുകളും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി സെക്ടർ-2 ജോയിന്റ് പൊലീസ് കമീഷണർ അറിയിച്ചു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുഃഖം രേഖപ്പെടുത്തുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. ഇതിനുപുറമെ, സംസ്ഥാന സർക്കാറിന്റെ വകയായി മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.