പ്രശാന്ത് കിഷോർ ജൻസുരാജ് റാലിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

ജൻ സുരാജ് നേട്ടമായത് തെരഞ്ഞെടുപ്പ് കമീഷന്; എം.എൽ.എയുമില്ല, 99.16% സീറ്റിലും കെട്ടിവെച്ച കാശും പോയി; നാണംകെട്ട് പ്രശാന്ത് കിഷോർ

പട്ന: ബിഹാർ വോട്ടെണ്ണും വരെ ശ്രദ്ധ കേന്ദ്രമായിരുന്നു മുൻ തെരഞ്ഞെടുപ്പ് ത​ന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നയിക്കുന്ന ജൻ സുരാജ് പാർട്ടി. ജെ.ഡി.യു-ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്കും, ആർ.ജെ.ഡി കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും ബദലായി അവതരിപ്പിച്ച് ബിഹാറിൽ വൻ ശക്തിയായി വരുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും വിദഗ്ധരും വിലയിരുത്തിയ ജൻസുരാജ് പാർട്ടി പക്ഷേ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പ്രതീതിയായി മാറി.

ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതുമെന്ന അവകാശവാദവുമായി രംഗ​ത്തുവന്ന പ്രശാന്ത് കിഷോറിനെ വോട്ടർമാർ പൂർണമായും കൈവിട്ടുവെന്നാണ് ഫലത്തിനു പിന്നാലെ പുറത്തുവന്ന കണക്കുകളും വ്യക്തമാക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച പുറത്തുവന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും ജൻ സുരാജിന്റെ ഞെട്ടൽ മാറിയിട്ടില്ല.

ആകെ 243 സീറ്റുകളിൽ 238ലും തങ്ങളുടെ സ്ഥാനാർഥികളെ മത്സരിപ്പിച്ച ജൻസുരാജിന്റെ സാന്നിധ്യം ഏറെ ഭയപ്പാടോടെയാണ് എൻ.ഡി.എയും മഹാസഖ്യവും കണ്ടത്.

തങ്ങളുടെ പെട്ടിയിൽ വീഴേണ്ട ഭരണ വിരുദ്ധ വോട്ടുകൾ ഒരു വർഷം മാത്രം  കൂട്ടത്തോടെ കൊണ്ടുപോകുമെന്നായിരുന്നു മഹാസഖ്യത്തിന്റെ ഭീതി. തങ്ങളുടെ വോട്ട് ബാങ്കിൽ വിള്ളൽ വരുത്തുമെന്ന് നിതീഷ് കുമാറും സംഘവും ഭയപ്പെട്ടു.

എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു സീറ്റ് പോലും നേടാനാവാതെ വൻ തോൽവിയായി മാറിയ ജൻ സുരാജിന് എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനേ കഴിഞ്ഞില്ല. മത്സരിച്ചതിൽ 99.16 ശതമാനം സീറ്റുകളിലും പാർട്ടിക്ക് കെട്ടിവെച്ച കാശും പോയി. 236 സീറ്റുകളിലാണ് കാശ് നഷ്ടമായത്. രണ്ടിടങ്ങളിൽ മാത്രം 10,000 രൂപ നിക്ഷേപ തുക തിരിച്ചു കിട്ടും എന്ന ആശ്വാസം മാത്രം.

മധ്യവർഗത്തിന്റെയും യുവാക്കളുടെയും വോട്ടുകൾ ലക്ഷ്യമിട്ട് തൊഴിലില്ലായ്മയും വികസനവും ചർച്ചയാക്കി മാറ്റി, ബിഹാർ മുഴുവൻ പദയാത്ര നടത്തി ജനങ്ങളുടെ പൾസ് അറിഞ്ഞ ജൻ സുരാജ് അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

150 ന് മുകളിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു അവകാശവാദം. തിരിച്ചടിയുണ്ടായാൽ പത്ത് സീറ്റിൽ ഒതുങ്ങുമെന്നും വ്യക്തമാക്കി. എന്നാൽ, ഈ കണക്കുകൂട്ടലുകളെല്ലാം ​തെറ്റിക്കുന്നതായിരുന്നു നിതീഷ് കുമാറിന്റെയും ബി.ജെ.പിയുടെയും വിജയം. ​അഭിഭാഷകർ, വിരമിച്ച ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെ പ്രഫഷണലുകൾ എന്നിവരടങ്ങിയ പ്രഗത്ഭരെ രംഗത്തിറക്കിയെങ്കിലും വോട്ടർമാർ വിശ്വാസത്തിലെടുത്തില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു മണ്ഡലത്തിൽ പോലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ പോലും പാർട്ടി സ്ഥാനാർഥികൾക്ക് എത്താനുമായില്ല.

കോൺഗ്രസിന് അഞ്ചും സി.പി.ഐക്ക് നാലും സീറ്റിൽ കെട്ടിവെച്ച കാശ്പോയി

വിവിധ പാർട്ടികളിലും സ്വതന്ത്രരുമായി 2616 സ്ഥാനാർഥികളാണ് ബിഹാറിലെ 243 സീറ്റുകളിലേക്കായി മത്സരിക്കാനിറങ്ങിയത്. ഇവരിൽ 2107 സ്ഥാനാർഥികക്ക് കെട്ടിവെച്ച കാശ് നഷ്ടമായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പറയുന്നു. ഇതുവഴി 2.12കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷന് ലാഭമായി.

സ്വതന്ത്രരായി മത്സരിച്ച 915 സ്ഥാനാർഥികളുടെ കെട്ടിവെച്ച കാശുകളാണ് നഷ്ടമായത്. 10 സ്വതന്ത്രർക്ക് മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ.

രണ്ടാമത് ജൻസുരാജ് പാർട്ടി (236 പേർ). മൂന്നാമത് ബഹുജൻ സമാജ്‍വാദി പാർട്ടിയും (176 സ്ഥാനാർഥികൾ), നാലാമത് ആം ആദ്മി പാർട്ടിയും (83). മത്സരിച്ച മുഴുവൻ സീറ്റിലും ആപ്പിന് കെട്ടിവെച്ച കാശ് പോയി.

അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 28 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി പോരിനിറങ്ങിയപ്പോൾ 19 ഇടങ്ങളിൽ കാശ് പോയി. എന്നാൽ, അഞ്ച് സീറ്റുകളിൽ എം.എൽ.എ മാരെ സൃഷ്ടിക്കാനായത് പാർട്ടിക്ക് നേട്ടമായി.

61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് അഞ്ചിടങ്ങളിലും, ഒമ്പത് സീറ്റിൽ മത്സരിച്ച സി.പി.ഐക്ക് നാല് സീറ്റിലും, 143 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡിക്ക് ഒരു സീറ്റിലും, 12 സീറ്റിൽ മത്സരിച്ച വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് രണ്ടു സീറ്റിലും കാശ് നഷ്ടമായി.

അതേസമയം, എൻ.ഡി.എ മുന്നണിയിലെ ഒരു സ്ഥാനാർഥിക്കും കെട്ടിവെച്ച കാശ് നഷ്ടമായില്ലെന്നതും ശ്രദ്ധേയമാണ്.

Tags:    
News Summary - just 2 of 238 Jan Suraaj nominees kept deposits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.