ന്യൂഡൽഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് (ഡി.ഡി.ജി.എസ്) ഇറക്കുമതിക്ക് ക്വോട്ട അടിസ്ഥാനത്തിൽ തീരുവ ഇളവ് നൽകാൻ ഇന്ത്യ തീരുമാനിച്ചെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തെ മൃഗസംരക്ഷണ, കോഴി വളർത്തൽ മേഖലകളിൽനിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. പോഷകഗുണം കൂടുതലുള്ള ഡി.ഡി.ജി.എസ് മൃഗസംരക്ഷണ മേഖലക്ക് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
വിവിധ താൽപര്യങ്ങൾ സന്തുലിതമായി നിലനിർത്താനാണ് ക്വോട്ട അടിസ്ഥാനത്തിൽ തീരുവ ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാണെന്നും ഗോയൽ കൂട്ടിച്ചേർത്തു. തീരുവ കുറക്കുന്നതിൽ ചില വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യ വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് വിപണി തുറന്നുകൊടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത് ഇന്ത്യയുടെ വളർച്ചയെ സഹായിക്കും. സംസ്കരിച്ച ഉൽപന്നങ്ങൾ ആഗോളതലത്തിൽ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കർഷകർക്കും ഇത് ഗുണകരമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആഗോള വ്യാപാര ചർച്ചകളിൽ ഇന്ത്യ ഇന്ന് ഒരു ശക്തിയായി മാറിയിരിക്കുകയാണെന്നും 35 ലക്ഷം കോടി ഡോളറിന്റെ ഭാവി വിപണി നൽകാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഓരോ കരാറിലും ഏർപ്പെടുന്നതെന്നും പിയൂഷ് ഗോയൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ന് ഇന്ത്യക്കുള്ള ഏറ്റവും വലിയ ആത്മവിശ്വാസം ഈ വളർച്ചസാധ്യതയാണ്. നാലു ലക്ഷം കോടിയിൽനിന്ന് 35 ലക്ഷം കോടിയിലേക്കുള്ള ഈ കുതിച്ചുചാട്ടമാണ് ലോകത്തിന് മുന്നിൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.