ന്യൂഡൽഹി: നിരന്തരം വംശീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുസ്ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന വിഡിയോ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് അസം ബി.ജെ.പിയുടെ വംശഹത്യാഹ്വാനം. രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതിനു പിന്നാലെ വിഡിയോ നീക്കം ചെയ്തു. രാജ്യത്തെ കോടതികളും ഭരണഘടനാ സ്ഥാപനങ്ങളും ഉറങ്ങുകയാണോ എന്ന് ചോദിച്ച കോൺഗ്രസ്, ബി.ജെ.പി നടപടിയിൽ നടുക്കവും രോഷവും രേഖപ്പെടുത്തി.
അസമിൽ സ്പോർട്സ് കോംപ്ലക്സ് സന്ദർശിച്ച അസം മുഖ്യമന്ത്രി പിസ്റ്റൾ പിടിച്ച് ഉന്നം വെക്കുന്ന വിഡിയോ ക്ലിപ് ഉപയോഗിച്ച് മുസ്ലിംകളെ പോയന്റ് ബ്ലാങ്കിൽ നിർത്തുന്ന വിഡിയോ നിർമിച്ചാണ് അസം ബി.ജെ.പി ‘എക്സ്’ ഹാൻഡിലിൽ പങ്കുവെച്ചത്.
‘പോയന്റ് ബ്ലാങ്ക് ഷോട്ട് അല്ലേ’ എന്ന തലക്കെട്ടിട്ട് മുസ്ലിംകൾക്ക് നേരെ മുഖ്യമന്ത്രി വെടിയുണ്ട പായിക്കുന്നതായി കാണിച്ച വിഡിയോയിൽ ഒരു ദയയും വേണ്ട എന്നെഴുതിക്കാണിച്ച് തോക്കു പിടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഹിമന്ത ബിശ്വ ശർമയെ കാണിക്കുന്നുമുണ്ടായിരുന്നു.
വംശഹത്യ ആഹ്വാനം -കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ബി.ജെ.പി ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ന്യൂനപക്ഷങ്ങളെ പോയന്റ് ബ്ലാങ്കിൽ നിർത്തിയിരിക്കുന്നതെന്ന് വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. രാജ്യത്തെ ഫാഷിസ്റ്റുകൾ ദശകങ്ങളായി താലോലിച്ചുനടക്കുന്ന സ്വപ്നമാണിത്. ഒരു ട്രോൾ എന്ന് കരുതി തള്ളിക്കളയാവുന്ന നിഷ്കളങ്കമായ ഒരു വിഡിയോ അല്ലയിത്. ഏറ്റവും ഉന്നതങ്ങളിൽനിന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊടിയവിഷമാണ്. അതിനാൽതന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ പങ്കുവെച്ചവർ നേരിടണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെതിരെ നടപടിയെടുക്കുകയോ ഈ പ്രവൃത്തിയെ അപലപിക്കുകയോ ചെയ്യില്ല. അതിനാൽ ഈ കേസിൽ ജുഡീഷ്യറി ഇടപെടണമെന്നും ഒരു തരത്തിലുള്ള ദാക്ഷിണ്യവും കാണിക്കരുതെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
കോടതിയും ഭരണഘടനാ സ്ഥാപനങ്ങളുംഉറങ്ങുകയാണോ എന്ന് സ്ക്രീൻ റെക്കോഡ് പങ്കുവെച്ച് കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിനാറ്റെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.