ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യ സന്ദർശനത്തിനിടെ വ്യോമസേനക്കുവേണ്ടി കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ തീരുമാനം ഉണ്ടായേക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) യോഗം ഫെബ്രുവരി രണ്ടാം വാരത്തില്‍ നടക്കുമെന്നാണ് റിപ്പോർട്ട്.
റഫാൽ വിമാനങ്ങൾകൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി രൂപരേഖ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു നേരത്തേ കൈമാറിയിരുന്നു. ഫെബ്രുവരി 19, 20 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന നിർമിത ബുദ്ധി (എ.ഐ) സമ്മിറ്റിൽ പങ്കെടുക്കാനാണ് മാക്രോൺ എത്തുന്നത്. ഏകദേശം 3.25 ലക്ഷം കോടിയുടെ കരാറിൽ ഒപ്പിട്ടാൽ കേന്ദ്രസർക്കാറിന്റെ ഏറ്റവും വലിയ പ്രതിരോധ കരാറായി ഇതു മാറും
കരാർ നടപ്പായാൽ റഫാലിന്റെ അന്തിമ അസംബ്ലി യൂനിറ്റ് ഇന്ത്യയിൽ സജ്ജീകരിക്കുന്ന വിധത്തിലാകും ധാരണ. വിമാനത്തിൽ 60 ശതമാനവും ഇന്ത്യൻ നിർമിത ഭാഗങ്ങൾ ഉപയോഗിക്കാനും ലക്ഷ്യമിടുന്നു. കരാർ ഒപ്പിട്ട് ഉടൻതന്നെ 15ലധികം വിമാനങ്ങൾ നൽകാമെന്നു റഫാൽ നിർമാതാക്കളായ ദാസോ ഏവിയേഷൻ നേരത്തേ അറിയിച്ചിട്ടുണ്ട്.
നിലവിൽ സേനയുടെ കൈവശം 36 റഫാൽ വിമാനങ്ങളാണുള്ളത്. നാവികസേന 26 റഫാൽ വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട് വ്യോമസേനയുടെ നിലവിലെ സ്ക്വാഡ്രൺ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 114 റഫാൽ യുദ്ധവിമാനങ്ങൾകൂടി വാങ്ങാൻ പദ്ധതിയിടുന്നത്.
മിഗ് യുദ്ധവിമാനങ്ങൾ സേവനം അവസാനിപ്പിച്ചതോടെ വ്യോമസേനയുടെ സ്ക്വാഡ്രൺ ശേഷി കുറഞ്ഞിരുന്നു. ഈ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണു നടപടികൾ വേഗത്തിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.