ക്വലാലംപൂർ: ഭീകരവാദം നേരിടുന്നതിൽ വിട്ടുവീഴ്ചയോ ഇരട്ടത്താപ്പോ ഇല്ലെന്നും ഇന്ത്യയും മലേഷ്യയും പ്രഖ്യാപിച്ചു. മലേഷ്യ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് മോദി മലേഷ്യയിൽ എത്തിയത്. വിവിധ മേഖലകളിലെ സഹകരണത്തിനായി 11 കരാറുകളിലും ഇരുവരും ഒപ്പുവെച്ചു. സെമികണ്ടക്ർ രംഗത്തെ ആഴമേറിയ സഹകരണത്തിനുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു.
ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിന് പ്രാദേശിക കറൻസികളായ ഇന്ത്യൻ രൂപയും മലേഷ്യൻ റിങ്കിറ്റും ഉപയോഗിക്കുന്നതിനെ മോദിയും അൻവർ ഇബ്രാഹിമും സ്വാഗതം ചെയ്തു. ഇന്ത്യയും മലേഷ്യയും തമ്മിലെ ബന്ധം പ്രത്യേകതയുള്ളതാണെന്ന് അഭിപ്രായപ്പെട്ട മോദി, മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ തുറക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചു. യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിരാഗത്വം ലഭിക്കുന്നതിന് മലേഷ്യ പിന്തുണ അറിയിക്കുകയും ചെയ്തു.
മലേഷ്യ സന്ദർശനത്തിനിടെ ഇന്ത്യൻ വംശജരായ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, സെനറ്റർമാർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്കിനെ മോദി പ്രശംസിച്ചു. മലേഷ്യയുടെ വികസനത്തിന് ഇന്ത്യൻ വംശജർ നൽകിയ സംഭാവനകളെ സമൂഹമാധ്യമ പോസ്റ്റിൽ മോദി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.