ന്യൂഡൽഹി: ഉത്തർപ്രദേശിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ബി.ജെ.പി വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പാർട്ടിക്ക് ഭൂരിപക്ഷമുള്ള ബൂത്തുകളിൽനിന്ന് ഫോം 7 ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ നീക്കം ചെയ്യുകയാണ്. ഇതിനായി സർക്കാർ പ്രഫഷണൽ ഏജൻസികളെതന്നെ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഴുവൻ തെരഞ്ഞെടുപ്പ് പട്ടിക വിവരങ്ങളും ലഖ്നോവിലും ഡൽഹിയിലുമുള്ള ഏജൻസികൾക്ക് ലഭ്യമാക്കുന്നു. അത് ഉപയോഗിച്ച് സമാജ്വാദി പാർട്ടി മുമ്പ് വിജയിച്ച ബൂത്തുകൾ തിരിച്ചറിഞ്ഞ് വോട്ടുകൾ നീക്കുകയാണ്. പലയിടങ്ങളിലും ഇത് സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. എസ്.ഐ.ആർ രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഇതിനകം സ്വാധീനിച്ചിട്ടുണ്ട്. ബിഹാർ തെരഞ്ഞെടുപ്പിൽ എസ്.ഐ.ആറിലൂടെയാണ് ബി.ജെ.പി വിജയം നേടിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലും സമാന ശ്രമങ്ങൾ നടക്കുന്നു. നിഷ്പക്ഷത പാലിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ട്. സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്തോറും ജനാധിപത്യം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫോം 7 ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരാതിയുമായി നേരത്തേ കോൺഗ്രസും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.