മുംബൈ: മതപരിവർത്തനം, നുഴഞ്ഞുകയറ്റം, കുറഞ്ഞ ജനനനിരക്ക് എന്നിവയാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വത്തിന് മുഖ്യ കാരണങ്ങളെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ആർ.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഇസ്‍ലാമിലും ക്രിസ്തുമതത്തിലും കാണുന്നത് യേശുക്രിസ്തുവിന്റെയും പ്രവാചകൻ മുഹമ്മദ് നബിയുടെയും പഠിപ്പിക്കലുകൾക്കനുസരിച്ചുള്ള രീതികളല്ലെന്നും നമുക്ക് യഥാർഥ ഇസ്‍ലാമിന്റെയും ക്രിസ്തുമതത്തിന്റെയും രീതികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങളിൽ മൂന്ന് കുട്ടികൾ വേണമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഓരോരുത്തരുടെയും ഇഷ്ടാനുസരണം നടപ്പാക്കേണ്ടതാണ്. തങ്ങളുടെ ആദ്യ വിശ്വാസത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഘർ വാപ്പസിയാണ് ഉത്തരം - അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽകോഡ് എല്ലാവരെയും വിശ്വാസത്തിലെടുത്ത് സമവായത്തോടെ വേണം നടപ്പാക്കാൻ. ഭിന്നതകളിലേക്ക് നയിക്കുന്നതാകരുത് ഏകീകൃത സിവിൽകോഡ്. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി മൂന്നുലക്ഷം നിർദേശങ്ങളാണ് ലഭിച്ചത്. തുടർന്ന്, ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം കേട്ട് നിയമം പാസാക്കുകയായിരുന്നു.
വി.ഡി. സവർക്കറിന് ഭാരതരത്ന നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചു. സവർക്കറിന് നൽകിയാൽ പുരസ്കാരത്തിെന്റ മഹിമ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്ലെന്നും എല്ലാവരും ഒരു സമൂഹമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. മുസ്‍ലിം, ക്രൈസ്തവ സമുദായങ്ങളുമായി പരസ്പര വിശ്വാസവും സൗഹൃദവും സംവാദവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്‍ലാമിനെ സമാധാനത്തിന്റെ മതം എന്ന് വിളിക്കുന്നു; പക്ഷേ, സമാധാനം കാണുന്നില്ല. മതത്തിൽ ആത്മീയത ഇല്ലെങ്കിൽ, അത് ആധിപത്യം സ്ഥാപിക്കുന്നതും ആക്രമണാത്മകവുമായിത്തീരുന്നു. ഇന്ന് ഇസ്‍ലാമിലും ക്രിസ്തുമതത്തിലും കാണുന്നത് യേശുക്രിസ്തുവിന്റെയും പ്രവാചകൻ മുഹമ്മദ് നബിയുടെയും പഠിപ്പിക്കലുകൾക്കനുസരിച്ചുള്ള രീതികളല്ല. നമുക്ക് യഥാർഥ ഇസ്‍ലാമിന്റെയും ക്രിസ്തുമതത്തിന്റെയും രീതികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ആർ.എസ്.എസിന് ‘അച്ഛേ ദിൻ’ (നല്ല ദിവസങ്ങൾ) വന്നോ എന്ന ചോദ്യത്തിന് തിരിച്ചാണ് സംഭവിച്ചതെന്നായിരുന്നു മറുപടി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ആർ.എസ്.എസ് പ്രതിജ്ഞാബദ്ധമായിരുന്നുവെന്നും അതിനെ പിന്തുണച്ചവർക്ക് ഗുണം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. സംഘ് ആവശ്യപ്പെട്ടാൽ അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും പ്രായാധിക്യമുണ്ടെങ്കിലും ആർ.എസ്.എസ് പ്രവർത്തനം തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.