ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പൽ തകർക്കാൻ യു.എസ് നാവികസേന ഇന്ത്യൻ തുറമുഖം ഉപയോഗിച്ചെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനെതിരെയുള്ള യുദ്ധത്തിന് ഇന്ത്യൻ നാവിക ബേസുകൾ ഉപയോഗിച്ചതായി യു.എസ് മുൻ ആർമി കേണൽ ഡഗ്ലസ് മക്ഗ്രെഗർ ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം.
ഇത്തരം വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വസ്തുതാന്വേഷണ വിഭാഗം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിശാഖപട്ടണത്ത് നടന്ന ‘മിലൻ’ അന്താരാഷ്ട്ര നാവികാഭ്യാസം കഴിഞ്ഞ് മടങ്ങിയ ‘ഐറിസ്‍ ദേന’ കപ്പലാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്. 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. 32 നാവികരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ഏറ്റാണ് കപ്പൽ മുങ്ങിയതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് പറഞ്ഞു.
‘ഞങ്ങളുടെ എല്ലാ താവളങ്ങളും തകർക്കപ്പെട്ടു. തുറമുഖ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടു. ഇതോടെ ഇന്ത്യയിലേക്കും ഇന്ത്യൻ തുറമുഖങ്ങളിലേക്കും പിൻവലിയേണ്ടി വന്നെന്നാണ് നാവിക സേന പറയുന്നത്’ -ഡഗ്ലസ് മക്ഗ്രെഗറിന്‍റെ ഉദ്ധരിച്ച് വിവിധ യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 25ന് ബംഗാൾ ഉൾക്കടലിൽ സമാപിച്ച നാവികാഭ്യാസം കഴിഞ്ഞ് ഇറാനിലേക്ക് തിരിച്ച യുദ്ധക്കപ്പലാണ് അമേരിക്ക തർത്തത്. അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവിക സേനയെത്തിയാണ് 32 പേരെ രക്ഷപ്പെടുത്തി ഗാലി തുറമുഖത്തെ ആശുപത്രിയിൽ എത്തിച്ചത്.
കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ശ്രീലങ്കൻ ജലാതിർത്തിക്ക് പുറത്താണ് സംഭവമെന്നും ശ്രീലങ്കൻ നാവിക സേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.