ഹിമന്ത ബിശ്വശർമ പാർട്ടി പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
ന്യൂഡൽഹി: അസമിൽ തുടർച്ചയായി മൂന്നാമതും ബി.ജെ.പി ഭരണം ഉറപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഹിമന്ത ബിശ്വ ശർമ, തന്റെ രാഷ്ട്രീയ കരുത്ത് ഒരിക്കൽകൂടി തെളിയിച്ചു. ജനസംഖ്യയുടെ 34 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകളെക്കാൾ ഉപരിയായി ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ള ഹിമന്ത ബിശ്വയുടെ ധ്രുവീകരണ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും വലിയ വിജയമാണ് ബി.ജെ.പിക്ക് സമ്മാനിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ മേഖലകളിൽ മാത്രമാണ് കോൺഗ്രസിന് സ്വാധീനം നിലനിർത്താനായത്. അപ്പർ അസമിലും ഗോത്ര മേഖലകളിലും ബി.ജെ.പി വ്യക്തമായ മേൽക്കൈ നേടി. ജോർഹട്ടിൽ കോൺഗ്രസിനെ നയിച്ച ഗൗരവ് ഗൊഗോയ് പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് വലിയ ആഘാതമായി.
ബി.ജെ.പിയുടെ പുതിയ പരീക്ഷണമായ ന്യൂനപക്ഷ വോട്ടുകൾ ഏതാനം മണ്ഡലങ്ങളിൽ മാത്രം കുത്തിനിറച്ചുള്ള മണ്ഡല പുനർനിർണയവും ബോഡോലാൻഡ് പീപ്ൾസ് ഫ്രണ്ടിനെ (ബി.പി.എഫ്) സഖ്യകക്ഷിയാക്കിയതും വിജയത്തിന്റെ ആക്കംകൂട്ടി. 2023ലെ മണ്ഡല പുനർനിർണയം നടന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഇക്കുറി.
പൊതുവെ അപ്പർ അസം കോൺഗ്രസിനെ പിന്തുണക്കാറാണ്. ഇക്കുറി ഉണ്ടായില്ല. ഗോത്ര മേഖലയിലും വൻ മുന്നേറ്റം ഉണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ബോഡോലാൻഡ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളും ബി.ജെ.പിക്ക് അനുകൂലമായി. 2021ൽ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്ന ബി.പി.എഫിനെ തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ഹിമന്ത ശർമക്ക് സാധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.പി.എഫ് വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ബി.ജെ.പി പാളയത്തിലേക്ക് ഹിമന്ത കൊണ്ടുവന്നത്. ബി.പി.എഫ് മത്സരിച്ച മുഴുവൻ സീറ്റിലും വൻ വിജയം നേടുകയുണ്ടായി.
2015ൽ കോൺഗ്രസിൽനിന്ന് പുറത്തുപോകുമ്പോൾ ‘നല്ല ഒഴിഞ്ഞുപോക്ക്’ എന്ന് അന്നത്തെ കോൺഗ്രസ് തരുൺ ഗൊഗോയ് പരിഹസിച്ചെങ്കിലും, ഇന്ന് അസമിലെ കോൺഗ്രസിന്റെ തകർച്ചക്കും ബി.ജെ.പിയുടെ ഹാട്രിക് വിജയത്തിനും കാരണക്കാരനായത് ഇതേ ഹിമന്ത ബിശ്വ ശർമയാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നവരും ഇക്കുറി വലിയ വിജയങ്ങളാണ് നേടിയത്. മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിഹ്പുരിയ മണ്ഡലത്തിൽനിന്നും മുൻ വർക്കിങ് പ്രസിഡന്റ് കമലാഖ്യ ഡേ പുർകയസ്ത കടിഗോറ മണ്ഡലത്തിൽനിന്നും ബി.ജെ.പി ടിക്കറ്റിൽ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വിവാദങ്ങൾക്കിടയിലും പാർട്ടിക്കുള്ളിലെ തന്റെ സ്വാധീനം വർധിപ്പിച്ച ഹിമന്ത ശർമതന്നെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് എല്ലാ സൂചനകളും. വർഗീയ ധ്രുവീകരണം മുഖ്യ അജണ്ടയാക്കിയ ഹിമന്ത ഇന്ന് ബി.ജെ.പിയിലെ ഏറ്റവും ഡിമാൻഡുള്ള താരപ്രചാരകനായി വളർന്നു. ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അന്താരാഷ്ട്രതലത്തിൽ പോലും ചർച്ചയായിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിൽ ഹിന്ദുത്വയുടെ പരീക്ഷണശാലയായി അസം മാറിയിട്ട് കാലം കുറച്ചായി. 2016ൽ, സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ അവിടെ ആദ്യമായൊരു ബി.ജെ.പി സർക്കാർ വന്ന ദിവസംതൊട്ടു തുടങ്ങിയ പ്രവണതയാണത്. കേന്ദ്ര ഭരണകൂടത്തിന്റെ തണലിൽ, മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കി തഴച്ചുവളർന്ന വിദ്വേഷ രാഷ്ട്രീയം 2021ൽ, ഹിമന്ത ബിശ്വശർമ മുഖ്യമന്ത്രിയായതോടെ കൂടുതൽ ശക്തിയാർജിച്ചിരുന്നു. 11 വർഷം മുമ്പുവരെയും കോൺഗ്രസ് നേതൃത്വത്തിലിരുന്ന ആളാണ് ഹിമന്ത. 2015ൽ, ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം തൊട്ടടുത്ത വർഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ച് സോനോവാളിന്റെ മന്ത്രിസഭയിൽ അംഗമായി. അക്കാലം തൊട്ട് ഹിമന്ത വാർത്തകളിൽ ഇടംപിടിച്ചത് കടും വിഷപ്രയോഗങ്ങളടങ്ങിയ വിദ്വേഷ പ്രസംഗങ്ങളിലൂടെയായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ നെഞ്ചിൽ തീ കോരിയിട്ടാണ് ഹിമന്ത ബിശ്വ ശർമയുടെ ബി.ജെ.പി സർക്കാർ അസമിൽ വീണ്ടും അധികാരത്തിൽ വരുന്നത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അനധികൃത കുടിയേറ്റക്കാരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുള്ള മൂർച്ചയേറിയതും ധ്രുവീകരണപരവുമായ നിരവധി പ്രസ്താവനകൾ നടത്തി ബിശ്വ ശർമ വാർത്തകളിൽ ഇടം നേടിയിരുന്നു.
നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരെന്നാരോപിച്ച് അസമിലെ ബംഗാളി സംസാരിക്കുന്ന ‘മിയ’ മുസ്ലിംകൾക്കെതിരായ ശർമയുടെ പരാമർശം വിവാദമായിരുന്നു. ‘മിയ’ വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കംചെയ്യുമെന്നും അവർ അസമിനെ ‘ജനസംഖ്യാ അധിനിവേശത്തിലേക്ക്’ നയിക്കുന്നുവെന്നും ഭൂരിപക്ഷമായി മാറുമെന്നും ശർമ ആരോപണമുയർത്തി. അതിനായി ‘ഫോം 7’ എതിർപ്പുകൾ കൂട്ടത്തോടെ ഫയൽ ചെയ്യാൻ തന്റെ പാർട്ടി പ്രവർത്തകരോട് നിർദേശിച്ചു. ‘മിയ’ റിക്ഷാക്കാർക്കുള്ള മുഴുവൻ യാത്രാക്കൂലി നൽകരുതെന്ന് ഉപദേശിച്ചു. ബംഗ്ലാദേശ് സുരക്ഷാ സേനയുടെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലൂടെ അനധികൃത കുടിയേറ്റക്കാരെ രാക്കുരാമാനം തിരിച്ചയക്കുമെന്ന് ഒരു അഭിമുഖത്തിൽ വിവരിച്ചുകൊണ്ട് ശർമ ബംഗ്ലാദേശുമായുള്ള പുതിയ നയതന്ത്ര തർക്കത്തിന് തുടക്കമിട്ടു. ‘‘പരുഷരായ ആളുകൾക്ക് മൃദുവായ ഭാഷ മനസ്സിലാകുകയില്ല’’ എന്ന് പറഞ്ഞ് തന്റെ വാക്കുകളെ ന്യായീകരിച്ചു. നിയമവിരുദ്ധ മുസ്ലിം കുടിയേറ്റക്കാർ ‘ലാൻഡ് ജിഹാദ്’ എന്ന മാതൃക പിന്തുടരുന്നുവെന്ന് വാദിച്ചു. ‘ലവ് ജിഹാദി’നെതിനെതിരെ നിയമം ഉണ്ടാക്കുമെന്ന് പ്രതിജ്ഞയെടുത്തു.
2024ലെ നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ പരാജയപ്പെട്ടതിന് കാരണം സഖ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു ‘പ്രത്യേക മതവിഭാഗ’മാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യാനികളെ ഉന്നമിട്ടായിരുന്നു ഇത്.
2026ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ ഭാര്യയെ വാക്കാൽ ആക്രമിച്ചു. പാകിസ്താന്റെ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് വാദിച്ചു. അസം ബി.ജെ.പി പങ്കിട്ട ഒരു എ.ഐ ജനറേറ്റഡ് വിഡിയോയിൽ, ‘നോ മേഴ്സി’ എന്ന തലക്കെട്ടിൽ തൊപ്പി ധരിച്ചവർക്കു നേരെ ശർമ റൈഫിൾ ഉപയോഗിച്ച് വെടിവെക്കുന്നത് കാണിച്ചും മറ്റും വിവാദങ്ങളുടെ മാലപ്പടക്കം തീർത്ത കാലമാണ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.