എം.കെ. സ്റ്റാലിൻ, മമത ബാനർജി
ഡൽഹി: കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ ഒരു വ്യാഴവട്ടമായി രാജ്യം അടക്കിവാഴാൻ ശ്രമിച്ചുപോരുന്ന മോദി-ഷാ ദ്വയം രാഷ്ട്രീയ നേതാക്കളിൽ വെച്ച് ഏറ്റവും ഭയപ്പെട്ടത് രണ്ട് പ്രാദേശിക പാർട്ടി നേതാക്കളെയാണ്. തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയെയും ഡി.എം.കെ തലൈവർ എം.കെ. സ്റ്റാലിനെയും. 2011 മുതൽ 15 വർഷമായി ബംഗാൾ മുഖ്യമന്ത്രിപദത്തിലിരുന്ന മമതയും അഞ്ചുവർഷം തമിഴ്നാട് ഭരിച്ച സ്റ്റാലിനുമായിരുന്നു പല ഘട്ടങ്ങളിലും രാജ്യത്തെ യഥാർഥ പ്രതിപക്ഷ ശബ്ദങ്ങൾ. പൗരത്വ നിയമ ഭേദഗതി, ഹിന്ദി അടിച്ചേൽപിക്കൽ, എസ്.ഐ.ആർ തുടങ്ങി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച വർഗീയ വിഭാഗീയ അജണ്ടകളെയും മുസ്ലിം സമുദായത്തെ അപരവത്കരിക്കാനുള്ള നീക്കങ്ങളെയും ഭയലേശമില്ലാതെ ചെറുത്തു അവരിരുവരും.
ഗവർണർ രാജ് നടത്തിയും ഇ.ഡിയെ ഇറക്കിയും വോട്ടുകൾ വെട്ടിയും നിയമങ്ങൾ കാറ്റിൽപറത്തി കള്ളച്ചൂത് കണക്കെ കേന്ദ്ര ഭരണകൂടം നടത്തിയ ശ്രമങ്ങൾ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം കണ്ടു-മമതയും സ്റ്റാലിനും നിലംപൊത്തിയിരിക്കുന്നു. ബംഗാൾ ബി.ജെ.പി പിടിച്ചെടുത്തപ്പോൾ തമിഴ്നാട്ടിൽ നടൻ വിജയ് രൂപം നൽകിയ ടി.വി.കെ പരീക്ഷണപ്പോരാട്ടത്തിൽ ഭരണം സ്വന്തമാക്കി; സ്റ്റാലിൻ ഒന്നര പതിറ്റാണ്ടായി പ്രതിനിധീകരിക്കുന്ന കൊളത്തൂർ മണ്ഡലത്തിൽ പരാജയം രുചിച്ചു.
തമിഴക രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുത്തുവേൽ കരുണാനിധിയുടെ മകനായ സ്റ്റാലിൻ 14ാം വയസ്സിൽ അമ്മാവൻ മുരശൊലി മാരനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥയിൽ ജയിലിലടക്കപ്പെട്ട അദ്ദേഹം പിതാവിന്റെ പാർട്ടിയായ ദ്രാവിഡ മുന്നേറ്റകഴകത്തിന് യുവജന സംഘം രൂപവത്കരിച്ച് അതിന്റെ സാരഥിയായി. സംസ്ഥാനമൊട്ടുക്ക് സഞ്ചരിച്ച് ബഹുജനങ്ങൾക്കിടയിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിച്ച സ്റ്റാലിൻ 1989ൽ ആദ്യമായി നിയമസഭയിലെത്തി. രണ്ടുവട്ടം മദ്രാസ് നഗരത്തിന്റെ ജനപ്രിയ മേയറായ അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കാൻ 2002ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത ഇരട്ടപ്പദവി ഒഴിവാക്കുന്ന നിയമഭേദഗതി പോലും നടപ്പാക്കി. 2006ലെ കരുണാനിധി മന്ത്രിസഭയിൽ അംഗമായ അദ്ദേഹം 2009ൽ ഉപമുഖ്യമന്ത്രിപദമേറ്റു. 2016ൽ പാർട്ടിക്ക് ഭരണം നഷ്ടമായപ്പോൾ അതിശക്തനായ പ്രതിപക്ഷ നേതാവായി. 2018 കരുണാനിധിയുടെ വിയോഗത്തോടെ പാർട്ടി മേധാവിത്വവും ഏറ്റെടുത്തു. 2021ൽ മുഖ്യമന്ത്രിയായി. തമിഴകത്ത് പുരോഗമന മതനിരപേക്ഷ മുന്നണി കെട്ടിപ്പടുത്ത് കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും മുസ്ലിം ലീഗിനുമെല്ലാം സംസ്ഥാനത്തുനിന്ന് മാന്യമായ പാർലമെന്ററി പ്രാതിനിധ്യം ഉറപ്പാക്കിയ സ്റ്റാലിൻ ഹിന്ദുത്വ ഭരണകൂടത്തെ വെല്ലുവിളിച്ചു. കുട്ടികൾക്ക് സ്കൂളിൽ പ്രാതൽ ഒരുക്കിയതും വീട്ടമ്മമാർക്ക് പ്രതിമാസ അലവൻസ് ഏർപ്പെടുത്തിയതുമെല്ലാം കൈയടി നേടി. ജയലളിതയുടെ മരണശേഷം, ഭിന്നിച്ച് തമ്മിലടിക്കുന്ന അണ്ണാ ഡി.എം.കെയെയും തമിഴ് വികാരങ്ങൾക്കെതിരായ ബി.ജെ.പിയെയും ഒഴിവാക്കി ജനം വീണ്ടും തനിക്കൊപ്പം നിൽക്കുമെന്നും ജനപ്രിയ നടപടികൾ തുണക്കുമെന്നും സ്റ്റാലിൻ ഉറച്ചു വിശ്വസിച്ചു. എന്നാൽ, താരപ്പൊലിമ കാണുമ്പോൾ മാറുന്ന തമിഴ് മക്കളുടെ മനസ്സ് വായിക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യം പറയുന്നു.
കൊൽക്കത്തയിലെ ജോഗോമയ ദേവി കോളജിൽ കോൺഗ്രസ് വിദ്യാർഥി യൂനിയൻ നേതാവായി രാഷ്ട്രീയം തുടങ്ങിയ മമത അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണന്റെ കാറിന് മുകളിൽ കയറി നൃത്തം ചവിട്ടിയാണ് വാർത്തകളിൽ നിറഞ്ഞത്. യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവായി വളർന്ന അവർ 1984ൽ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റർജിയെ തോൽപിച്ച് ലോക്സഭാംഗമായി. അടുത്ത തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ബംഗാളിലെ ഇടതു ഭരണത്തിന്റെ കണ്ണിലെ കരടായി മാറി. 1991ലെ നരസിംഹറാവു മന്ത്രിസഭയിൽ കായിക-യുവജനക്ഷേമ സഹമന്ത്രിയായി. എന്നാൽ, ബംഗാളിലെ കമ്യൂണിസ്റ്റ് പാർട്ടിയെ തുറന്നെതിർക്കാൻ തയാറാവുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് നേതൃത്വവുമായി നിരന്തരം കലഹിച്ചു. 1997ൽ കോൺഗ്രസ് വിട്ട് മുകുൾ റോയിയോടൊപ്പം ചേർന്ന് തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചു. കമ്യൂണിസ്റ്റ് വിരോധം മൂത്ത് ബി.ജെ.പിയോട് സഖ്യം ചെയ്ത മമത 1999ൽ വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായി. തെഹൽക വെളിപ്പെടുത്തലുകളുടെ പേരിൽ 2001ൽ ബി.ജെ.പിയുമായി ഇടഞ്ഞെങ്കിലും 2004ലെ തെരഞ്ഞെടുപ്പിലും സഖ്യം തുടർന്നു.
സിംഗൂരിലും നന്ദിഗ്രാമിലും കർഷകരെ നിർബന്ധിതമായി കുടിയിറക്കി ബഹുരാഷ്ട്ര കുത്തകകൾക്ക് ഭൂമി നൽകാനുള്ള ബുദ്ധദേവ് സർക്കാറിന്റെ ശ്രമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളാണ് മമത ബാനർജിയെ സംസ്ഥാനത്തെ അതിശക്തയായ നേതാവാക്കി മാറ്റിയത്. സിംഗൂർ കുടിയിറക്കലിനെതിരെ 26 ദിവസം നീണ്ട നിരാഹാര സമരം നടത്തിയത് രാജ്യശ്രദ്ധനേടി. കോൺഗ്രസ് നയിക്കുന്ന യു.പി.എയുമായി ചേർന്ന് വീണ്ടും കുറച്ചുവർഷം കേന്ദ്ര റെയിൽവേ മന്ത്രിയായി. അതിനൊപ്പം ജനകീയ പ്രക്ഷോഭങ്ങളെ ഉരുക്കു മുഷ്ടിയാൽ നേരിട്ട ഇടതു ഭരണകൂടത്തിനെതിരായ ചെറുത്തുനിൽപിന്റെ മുഖവുമായി മമത. 2011ൽ 34 വർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ബംഗാളിന്റെ മുഖ്യമന്ത്രിയായി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ ഒട്ടേറെ പരിഷ്കാരങ്ങൾക്കും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കും തുടക്കമിട്ടു. കേന്ദ്രത്തിൽ അധികാരമേറിയ മോദി സർക്കാർ ബംഗാളിൽ കണ്ണുവെച്ച് നടത്തിയ ഓരോ നീക്കങ്ങളെയും ഒട്ടും മമതയില്ലാതെ എതിർത്തു. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾ മറയാക്കി മമതയുടെ സന്തതസഹചാരികളെ ഒന്നൊന്നായി അടർത്തിയെടുക്കാൻ ബി.ജെ.പിക്കായി.
കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജിൽ യുവഡോക്ടർ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനെതിരായ പ്രതിഷേധം സർക്കാർ വിരുദ്ധ വികാരം ശക്തമാക്കി. മമതയെ ശക്തമായി പിന്തുണച്ചുപോന്ന മേഖലകളിൽ എസ്.ഐ.ആർ പ്രക്രിയ വഴി ദശലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിനീക്കിയതോടെ സംസ്ഥാന ഭരണത്തിലേക്കുള്ള വഴിവെട്ടുകയും ചെയ്തു ബി.ജെ.പി. എസ്.ഐ.ആറിനെതിരെ സുപ്രീംകോടതിയിൽ കയറി വാദിച്ച മമതക്കിപ്പോൾ ജനങ്ങളുടെ കോടതിയിൽ വിധി എതിരായിരിക്കുന്നു. ബംഗാളിലെയും തമിഴ്നാട്ടിലെയും ഫലങ്ങൾ ബി.ജെ.പിക്ക് പകരുന്ന ആശ്വാസം ചെറുതല്ല. തോറ്റ സ്റ്റാലിനും മമതയും അധികാരമുള്ള കാലത്തേക്കാൾ ബി.ജെ.പിക്ക് വെല്ലുവിളിയാകുമോ എന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.